തിരുവനന്തപുരം :സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷനും മഹിളാ സമഖ്യയും ചേർന്ന് നടപ്പിലാക്കി വരുന്ന മുന്നേറ്റം പദ്ധതിയുടെ ഏകദിന ക്യാമ്പ് പെരിങ്ങമ്മലയിൽ നടത്തി. ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ക്യാമ്പ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി കാർത്തിക അധ്യക്ഷയായിരുന്നു. മഹിളാ സമഖ്യ അസോസിയേറ്റ് ഡയറക്ടർ എൽ രമാദേവി മുഖ്യാതിഥിയായിരുന്നു. സാക്ഷരതാ മിഷന്റെ മുഖമാസികയായ അക്ഷരകൈരളിയുടെ പ്രചരണ പരിപാടി റീജിയണൽ കോർഡിനേറ്റർ ദീപജയിംസ് ഉദ്ഘാടനം ചെയ്തു.
സാക്ഷരതാ മിഷൻ കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിവരുന്ന പദ്ധതിയാണ് മുന്നേറ്റം. പട്ടികജാതി, പട്ടികവർഗ മേഖലകളിൽ സാക്ഷരതാ തുല്യതാവിദ്യാഭ്യാസ പരിപാടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട നിരവധി സ്ത്രീകൾക്ക് തുല്യതാ വിദ്യാഭ്യാസം സാധ്യമാകുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങൾ, സുരക്ഷ, നിയമപരമായ നടപടികൾ, ആരോഗ്യം, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സ്‌നേഹിത കുടുംബശ്രീ മിഷൻ കൗൺസിലർ അനിതകുമാരി, ജെ എച്ച് ഐ ശ്രീന, മാലിന്യമുക്തം നവകേരളം, റിസോഴ്‌സ് ടീം അംഗം ടി എസ് ആരോമൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.