തിരുവനന്തപുരം :ജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് തയാറാക്കിയ 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ മുഖ്യമന്ത്രി പിണറായി വിജയന്, ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാൻ കൈമാറി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ പ്രവേശന കവാടത്തിൽ അടിക്കടി തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച്
കേന്ദ്ര സർക്കാർ സ്ഥാപനമായ സി.ഡബ്ല്യൂ.പി.ആർ.എസിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായം പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ടിൽ മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേപുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തിനായി പുതിയ വാർഫ്, ലേലപ്പുര, വാട്ടർടാങ്ക്, വിശ്രമ മുറികൾ ടോയ്‌ലെറ്റ് ബ്ലോക്ക്, കടകൾ, റോഡിന്റെയും പാർക്കിങ് ഏരിയയുടെയും നവീകരണം, വൈദ്യുതീകരണ ജലവിതരണ പ്രവൃത്തികളുടെ നവീകരണം എന്നീ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ വിശദമായ പദ്ധതി രൂപരേഖ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം 2020ലാണ് കമ്മീഷൻ ചെയ്തത്.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, എം.എൽ.എമാരായ വി.ജോയി, വി.ശശി, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞി മമ്മു പർവത്ത്, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജി.എസ് എന്നിവരും പങ്കെടുത്തു.