1/9/22
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ എത്തും. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന കൊച്ചി നഗരം, അങ്കമാലി, കാലടി, ആലുവ എന്നിവിടങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുന്നേ എസ്.പി.ജിയുടെയും പൊലീസിന്റെയും നിരീക്ഷണത്തിലാണ്. സുരക്ഷാ ചുമതല ഡി.ജി.പി അനില്‍കാന്ത് നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറും എറണാകുളം റൂറല്‍ പൊലീസ് മേധാവിയും സുരക്ഷയ്ക്ക് ചുക്കാന്‍ പിടിക്കും. 10 എസ്.പി, 40 ഡിവൈ.എസ്.പി, 50 സി.ഐ, 350 എസ്.ഐ എന്നിവരുള്‍പ്പെടെ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.150 പൊലീസുകാരെ മഫ്തിയിലും നിയോഗിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നാളെ ഉച്ചയ്ക്ക് ഒന്നുവരെ ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജംഗ്ഷന്, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജംഗ്ഷന്, ബി.ഒ.ടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരേയും വെണ്ടുരുത്തിപാലം, കഠാരിബാഗ്, തേവര ജംഗ്ഷന്, രവിപുരം എന്നിവിടങ്ങിലും ഗതാഗതവും പാര്‍ക്കിംഗും നിയന്ത്രിക്കും. ഇന്ന് കണ്ടെയ്നര്‍ റോഡിലും നാളെ ഉച്ചയ്ക്ക് ഒന്നുവരെ പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എം.ജി റോഡ്, ബി.ഒ.ടി ഈസ്റ്റ് എന്നിവിടങ്ങളിലും കര്‍ശന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലും ഉണ്ടായിരിക്കും. എറണാകുളം സിറ്റിയില്‍ നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ക്ക് വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്താം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളില് താമസിക്കുന്നവര്‍ നിയന്ത്രണങ്ങളുള്ള സമയങ്ങളില്‍ അവരവരുടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കാതെ ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ഭാഗമായി നെടുമ്പാശേരി വിമാനത്താവളവും പരിസരവുമെല്ലാം പൊലീസ് വലയത്തിലായി. വിമാനത്താവളത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി. കാലടി, ആലുവ, കൊച്ചി തുടങ്ങിയ എല്ലാ ഭാഗത്തേക്കുള്ള റോഡുകളിലും പൊലീസ് സന്നാഹത്തെ ഇന്നലെ തന്നെ വിന്യസിപ്പിച്ചിട്ടുണ്ട്.ഇന്ന് പകല്‍ 2 മുതല്‍ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷന് മുതല്‍ കാലടി മറ്റൂരില്‍ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണം. അങ്കമാലി മുതല്‍ മുട്ടം വരെയും എം.സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും എയര്‍പോര്‍ട്ട് റോഡിലും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര , കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.