നരേന്ദ്ര മോദി ഇന്ന് വയനാട്ടിൽ, വയനാടിനായി വൻ പദ്ധതിപ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ കേരളവും1 min read

വയനാട് :പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും. വയനാടിന്റെ അതിജീവനത്തിന് സമഗ്രമായ സഹായം പ്രതീക്ഷിച്ച് കേരളവും.

രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങും.തുടർന്ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു പോകും.കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കും. മോദിക്കായി വ്യോമസേനയുടെ മൂന്നു കോപ്റ്ററുകള്‍ ഇന്നലെ കണ്ണൂരിലെത്തി. ആവശ്യമെങ്കില്‍ റോഡ് മാർഗം പോകാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചു. എസ്.പി.ജി കമാൻഡോകള്‍ക്കുള്ള വാഹനം, മൊബൈല്‍ ജാമർ തുടങ്ങിയവയും എത്തിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ വിമാനത്താവളത്തില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഉന്നത യോഗം ചേർന്നു.

12.15ഓടെ ദുരന്തമേഖലയിലെത്തുന്ന മോദി മൂന്ന് മണിക്കൂറോളം സ്ഥലത്ത് തുടരും. ദുരിതാശ്വാസ ക്യാമ്ബുകളും പരിക്കേറ്റവർ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദർശിക്കും. പിന്നാലെ ഉന്നതതല യോഗവും ചേരും.

പ്രധാനമന്ത്രി വരുന്നതിനാല്‍ കാണാതായവർക്കായി ഇന്ന് തെരച്ചിലുണ്ടാവില്ല. സന്ദർശനത്തോടനുബന്ധിച്ച്‌ വയനാട്ടില്‍ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ താമരശേരി ചുരം വഴി ഹെവി വാഹനങ്ങളും ചരക്ക് വാഹനങ്ങളും കടത്തിവിടില്ല.

വയനാട്ടില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡല്‍ഹിയിലേക്കു മടങ്ങും. വിമാനത്താവളത്തിലും റോഡിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *