ഇന്ന് ദേശീയ വര്‍ത്തമാനപത്ര ദിനം1 min read

 

ജനുവരി 29 ഇന്ത്യന്‍ വര്‍ത്തമാന പത്രദിനമായി ആചരിക്കുന്നു. 1780 ജനുവരി 29 ന് ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത് അനുസ്മരിച്ചാ‍ണ് ഈ ദിവസം ഇന്ത്യന്‍ പത്രദിനമായി ആചരിച്ചുവരുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പത്രപ്രവര്‍ത്തനത്തിന്‍റെ മിന്നലാട്ടം ഉണ്ടാവുന്നത് 1766 ലാണെന്ന് പറയാം. ഇന്ത്യയില്‍ അന്ന് അച്ചടിശാലകള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാനും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ജോലിക്കാരനുമായിരുന്ന വില്യം ബോള്‍ട്‌സ് ഇന്ത്യയില്‍ ഒരു അച്ചടിശാല സ്ഥാപിക്കുന്നതിനെ കുറിച്ച് അന്ന് ചിന്തിച്ചിരുന്നു.

ബോള്‍ട്‌സ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ എതിരഭിപ്രായം ഉള്ള ആളായിരുന്നു. അതുകൊണ്ട് കമ്പനി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. അവിടെച്ചെന്ന് അദ്ദേഹം ഏതാണ്ട് 500 പേജുള്ള ഒരു പുസ്തകം അടിച്ചിറക്കി. അതില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതികളെ കുറിച്ചും അതുമൂലം ഇന്ത്യ ജനത അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ചും ഉള്ള യഥാര്‍ഥ വിവരണമായിരുന്നു.

ഇന്ത്യയില്‍ പത്രരൂപത്തില്‍ ഇറങ്ങേണ്ട കാര്യങ്ങള്‍ അദ്ദേഹം പുസ്തക രൂപത്തില്‍ പുറത്തിറക്കി എന്നുമാത്രം. അതിനു ശേഷം 1780 ലാണ് ജെയിംസ് അഗസ്റ്റസ് ഹിക്കി ബംഗാള്‍ ഗസറ്റ് എന്ന പേരില്‍ ഇംഗ്ലീഷ് പത്രം ആരംഭിക്കുന്നത്. നാലു പേജുള്ള പത്രത്തിന്‍റെ വലിപ്പം 12“ x 8“ ആയിരുന്നു.

ഹിക്കിയും കമ്പനിക്കെതിരായിരുന്നു. അതുകൊണ്ട് പത്രം തപാലില്‍ എത്തിക്കാനുള്ള സൌകര്യം അന്നത്തെ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. അതായത് പത്രം ഇറങ്ങിയപ്പോള്‍ തന്നെ അതിനെതിരെയുള്ള നിയന്ത്രണങ്ങളും വന്നിരുന്നു എന്നു ചുരുക്കം. ഇതിനെ തുടര്‍ന്ന് ഹിക്കി പത്രവിതരണത്തിനായി 20 പേരെ ചുമതലപ്പെടുത്തി.

ഒരിക്കല്‍ ഒരു മിഷനറിയെ കുറിച്ച് പുറത്തിറക്കിയ വാര്‍ത്തയുടെ പേരില്‍ (അത് വ്യാജ വാര്‍ത്തയാനെന്ന അപകീര്‍ത്തി കേസിന്‍റെ പേരില്‍) ഹിക്കിക്ക് അന്ന് 500 രൂപ പിഴയടയ്ക്കേണ്ടി വന്നു. നാലു മാസം ജയിലില്‍ കിടക്കേണ്ടിയും വന്നു.

ഇതിനെ തുടര്‍ന്ന് 1781 ല്‍ ഇന്ത്യ ഗസറ്റ് എന്ന പേരില്‍ ഹിക്കിയുടെ പത്രത്തിനെതിരെ സര്‍ക്കാര്‍ തന്നെ ഒരു പുതിയ പത്രം തുടങ്ങേണ്ടിവന്നു. അക്കാലത്ത് ഈ പത്രങ്ങള്‍ വായിച്ചിരുന്നത് മിക്കവാറും ഇംഗ്ലീഷുകാര്‍ മാത്രമായിരുന്നു എന്നത് മറ്റൊരു വസ്തുത.

ഇന്ത്യയില്‍ വാര്‍ത്തകള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്ക് മാത്രം ബാധകമായതല്ല ദിനപത്ര ദിനം. മാധ്യമങ്ങള്‍ക്ക് പൊതുവേ ഈ ദിനം പിറന്നാള്‍ ദിനമാണ്. പത്രങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ മുഖമുണ്ട്. ഓണ്‍ലൈന്‍ എഡിഷനിലൂടെ പത്രങ്ങള്‍ അവയുടെ പ്രചാരം ലോകമെമ്പാടും വ്യാപിപ്പിച്ചു കഴിഞ്ഞു.

അച്ചടിച്ച് പുറത്തിറങ്ങുന്ന പത്രങ്ങളും ഇന്ന് ഇന്‍റര്‍നെറ്റില്‍ അതേപടി പേജുകളായി വായിക്കാന്‍ കഴിയും. ഇന്ന് ഇന്ത്യന്‍ ഭാഷയില്‍ ഇറങ്ങുന്ന മിക്ക വൃത്താന്ത പത്രങ്ങളും ഓണ്‍ലൈനില്‍ വായിക്കാനാവും. ഇതുകൊണ്ട് വാക്കുകളുടെ ശക്തിയും ദൃശ്യങ്ങളുടെ ശക്തിയും ഒരുമിപ്പിച്ച് അവതരിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് കഴിയുന്നു.

വര്‍ത്തമാനപത്രം വര്‍ത്തമാന കാലത്തു തന്നെ (റിയല്‍ ടൈം) അവതരിപ്പിക്കാന്‍ പത്രങ്ങള്‍ക്ക് സാധിക്കുന്നു. ഇന്ന് പത്രവും ടെലിവിഷനും സമന്വയിക്കുന്ന ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് പത്രങ്ങള്‍. ബ്രോഡ്ബാന്‍ഡ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇത് വളരെ നിസ്സാരമായി സാധിക്കാവുന്നതേയുള്ളു.

ഇന്ത്യയില്‍ ഏതാണ്ട് പതിനഞ്ച് കോടിയിലേറെ പേര്‍ ദിനപത്രം വായിക്കുന്നു എന്നാണ് കണക്ക്. അമേരിക്കയില്‍ 9.7 കോടിയും ജര്‍മ്മനിയില്‍ 4.8 കോടിയുമാണ് പത്രവായനക്കാര്‍. ഇന്ത്യയില്‍ ടിവിയും ഇന്‍റര്‍നെറ്റും വളരെ പ്രചാരം നേടിയിട്ടും പത്രവായനക്കാരുടെ എണ്ണം കൂടിവരികയാണ്. പത്രങ്ങളിലെ പരസ്യം ഇക്കൊല്ലം 15 ശതമാനം വര്‍ദ്ധിക്കുമെന്നാണ് സൂചന.

നവസാക്ഷരര്‍ ഓരോ കൊല്ലവും കൂടിവരുന്നതായിരിക്കാം ഇന്ത്യയില്‍ പത്രവായനക്കാരുടെ എണ്ണം കൂടാനുള്ള ഒരു പ്രധാന കാരണം. പാശ്ചാത്യ രാജ്യങ്ങളില്‍ ജനസംഖ്യയുടേയും നവസാക്ഷരതയുടേയും കാര്യത്തില്‍ ഒരു സ്ഥിരസ്ഥിതി ഉണ്ടായതുകൊണ്ട് വര്‍ദ്ധന കാര്യമായി ഉണ്ടാവാനിടയില്ല.

കേരളത്തില്‍ പത്രങ്ങളുടെ പ്രചാരം മത്സരിച്ച് കൂടുകയാണ്. മനോരമയും മാതൃഭൂമിയും മാധ്യമവും ദേശാഭിമാനിയും ദീപികയും കേരള കൗമുദിയും മംഗളവും ജന്മഭുമിയും ചന്ദ്രികയും സുപ്രഭാതവും സിറാജും
മത്സര ഓട്ടത്തില മുന്‍‌പന്തിയിലാണ്. ഈ വമ്പന്‍‌മാര്‍ക്ക് പിന്നില്‍ പുതിയ പുതിയ ചെറിയ ചെറിയ ഓട്ടക്കാര്‍ വന്നു പോവുകയും ചെയ്യുന്നു.

പത്രങ്ങളുടെ വാര്‍ത്താ അവതരണത്തിന്‍റെ കാര്യത്തില്‍ പക്ഷെ, ചില പാളിച്ചകള്‍ വരുന്നുണ്ട് എന്ന് സമ്മതിച്ചേ പറ്റു. പത്രപ്രവര്‍ത്തനത്തിലും പത്ര പ്രസാധനത്തിലും പുലര്‍ത്തേണ്ട ധാര്‍മ്മികതയും ഔചിത്യവും അടുത്ത കാലത്തായി ക്ഷയോന്‍‌മുഖമായിട്ടാണ് കാണുന്നത്. നവമാധ്യമങ്ങളുടെ കടന്നു വരവ്‌ വാർത്തകളെ അപ്പോളപ്പോൾ ലഭ്യമാക്കുന്ന നിലയിൽ ആയപ്പോൾ ദിവസത്തിൽ ഒരിക്കൽ മാത്രം എത്തുന്ന വർത്തമാന പത്രങ്ങൾ അൽപ്പം പിന്നിലേക്ക്‌ മാറിയിട്ടുണ്ട്‌ എന്നത്‌ വസ്തുതയാണ്

Leave a Reply

Your email address will not be published. Required fields are marked *