തിരുവനന്തപുരം :മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു. നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്.
നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തിൽ പൂർത്തിയായി. പൊതുജനങ്ങൾക്ക് നിവേദനങ്ങൾ നൽകുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്. സ്ത്രീകൾ, അംഗപരിമിതർ, വയോജനങ്ങൾ എന്നിവർക്കായ് പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ നിവേദനങ്ങൾ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും.
വ്യാഴാഴ്ച (ഡിസംബർ 21) ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെന്ററിൽ ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. രാവിലെ ഒൻപതിനാണ് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രിയുടെ സംവാദം. ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച നവകേരള സദസ്സ് നടക്കുന്നത്.
വെള്ളിയാഴ്ച (ഡിസംബർ 22) അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച( ഡിസംബർ 23) കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും. കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് വെള്ളിയാഴ്ച പ്രഭാത യോഗം നടക്കുന്നത്. ശനിയാഴ്ചത്തെ പ്രഭാതയോഗം ഇടപ്പഴിഞ്ഞി ആർ ഡി ആർ കൺവെൻഷൻ സെന്ററിൽ നടക്കും.
ശനിയാഴ്ച വൈകിട്ട് ആറിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെ നവകേരള സദസ്സ് സമാപിക്കും.