ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഇന്ന് തിരിതെളിയും. സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിലെ വിദഗ്ധരുടെയും, വ്യാപാര സംഘടനകളുടെയും, സർക്കാർ ഏജൻസികളുടെയും സമ്മേളനമായ വേൾഡ് സ്പൈസസ് കോൺഗ്രസിനാണ് ഇന്ന് തുടക്കമാകുന്നത് . നവി മുംബൈയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയം വഹിക്കുന്നത്. സ്പൈസസ് ബോർഡും, വാണിജ്യ വ്യവസായ മന്ത്രാലയവും സംയുക്തമായി നവി മുംബൈയിലെ സിഡ്കോ കൺവെൻഷൻ സെന്ററിലാണ് സമ്മേളനം നടത്തുന്നത്.
നയരൂപീകരണ കർത്താക്കൾ, റെഗുലേറ്ററി അതോറിറ്റികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധന്മാർ, സർക്കാർ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, കയറ്റുമതിക്കാർ, വ്യാപാര സംഘടനകൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും. സുസ്ഥിരത, ഉൽപ്പാദന ക്ഷമത, നവീകരണം, സഹകരണം, മികവ്, ഭക്ഷ്യസുരക്ഷ എന്നീ ആശയങ്ങൾ ഉൾപ്പെടുത്തിയ ‘വിഷൻ 2030: സ്പൈസസ്’ എന്നാണ് ഈ വർഷത്തെ സ്പൈസസ് കോൺഗ്രസിന്റെ വിഷയം. കൂടാതെ, കോവിഡിന് ശേഷം സുഗന്ധവ്യഞ്ജന വ്യവസായ രംഗത്ത് ഉണ്ടായ പുതിയ പ്രവണതകളും, വെല്ലുവിളികളും സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതാണ്.