3/7/23
മുംബൈ :കൂറുമാറിയ MLA മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് NCP നേതൃത്വം കത്ത് നല്‍കി. എല്ലാ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി അണികളും ശരദ് പവാറിനൊപ്പമാണെന്ന് കാണിച്ച് ഇലക്ഷൻ കമ്മീഷനെയും എൻ സി പി നേതൃത്വം സമീപിച്ചു. അജിത്തിനെയും മറ്റ് എംഎല്‍എമാരെയും അയോഗ്യരാക്കാനുള്ള നീക്കം നടത്തുമെന്ന് മഹാരാഷ്‌ട്ര എൻ സി പി അദ്ധ്യക്ഷൻ ജയന്ത് പട്ടീല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
എൻ സി പി പിളര്‍ത്തി ഷിൻഡെ സര്‍ക്കാരിന്റെ ഭാഗമായ അജിത്ത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപ മുഖ്യമന്ത്രിയായി അധികാരം പങ്കിടും. ശരദ് പവാറിന്റെ വിശ്വസ്‌തരായ ഛഗൻ ഭുജ്‌ബല്‍, ദിലീപ് വല്‍സെ പട്ടേല്‍ എന്നിവരും അജിത്തിനൊപ്പം പോയത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.
ഇ ഡി, സിബിഐ അന്വേഷണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകാനാണ് അജിത് പവാറിനൊപ്പം മറ്റ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതെന്ന് നിയുക്ത പ്രതിപക്ഷ നേതാവും എൻ സി പി നേതാവുമായ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നതിനാലാണ് വിമതനീക്കമുണ്ടായതെന്നും മറ്റ് കാരണങ്ങളുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി എൻസിപിയാണ് തങ്ങളെ മന്ത്രിമാരാക്കിയതെന്ന് കൂറുമാറിയ എംഎല്‍എമാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശരത് പവാറിനെ ഒറ്റപ്പെടുത്തുകയാണുണ്ടായത്. എൻസിപി അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരികെയെത്തുമെന്നും ജിതേന്ദ്ര അവ്ഹാദ് ഉറപ്പുനല്‍കി