തിരുവനന്തപുരം :ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീസമൂഹമെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് നഗരസഭ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച വനിതാ ഫിറ്റ്നസ് സെന്റര്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ശാരീരിക ക്ഷമത വർധിപ്പിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ നഗരസഭ ഒരുക്കിയ ഫിറ്റ്‌നസ് സെന്റർ പ്രദേശത്തെ വനിതകൾ ഉപയോഗപെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഫിറ്റ്നസ് സെന്റര്‍ നെടുമങ്ങാട് നഗരസഭാ കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ജിം സംവിധാനത്തിനു പുറമെ സുംബാ ഡാന്‍സിനും യോഗാ പരിശീലനത്തിനുമുള്ള സംവിധാനവും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രെഡ്മിൽ, എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ, ഡബിള്‍ ട്വിസ്റ്റർ, മൾട്ടി ആബ്സ് ബെഞ്ച്, ഫ്ലാറ്റ് ബെഞ്ച്, ഫുൾ ബോഡി വൈബ്രേറ്റർ തുടങ്ങി അത്യാധുനിക പരിശീലന സാമഗ്രികൾ ഇവിടെയുണ്ട്. പരിചയ സമ്പന്നരായ പരിശീലകരെയും നിയോഗിച്ചു. ജിം പരിശീലനത്തിന് 500 രൂപ പ്രവേശന ഫീസും 500 രൂപ പ്രതിമാസ ഫീസുമാണ് ഈടാക്കുക. രാവിലെ അഞ്ചു മുതല്‍ എട്ടുവരെയും വൈകിട്ട് നാലു മുതല്‍ ഏഴര വരെയുമാണ് പ്രവർത്തനം.
നെടുമങ്ങാട് നഗരസഭാ അങ്കണത്തില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ശാന്തി മായാദേവി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി സതീശന്‍, വിവിധ കൗൺസിലർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.