തിരുവനന്തപുരം :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം 2024ന്റെ ഭാഗമായുള്ള ബ്ലോക്ക് തല ക്വിസ് മത്സരം മെയ് ഏഴിന് നടക്കും. താത്പര്യമുള്ള ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികൾ https://forms.gle/LXUcGAeZRJPZp7wZ7 ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം. തിങ്കളാഴ്ച (മെയ് ആറ് ) രാവിലെ 11 വരെ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണെന്ന് നവകേരളെ കർമ്മപദ്ധതി 2 ജില്ലാ കോ -ഓർഡിനേറ്റർ അറിയിച്ചു.
ബ്ലോക്ക്തല മത്സരത്തിൽ വിജയികളാകുന്ന നാല് പേർക്ക് മെയ് 10ന് നടക്കുന്ന ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതലത്തിൽ വിജയികളാകുന്ന നാല് പേർക്ക് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനവുമായി ബന്ധപ്പെട്ട് മെയ് 20, 21, 22 തീയതികളിൽ അടിമാലിയിലും മൂന്നാറിലുമായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി. പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്കും തദ്ദേശീയരായവർക്കും ഈ പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെപ്പറ്റി അവബോധം പകരുക എന്നതാണ് നീലക്കുറിഞ്ഞി ജൈവ വൈവിധ്യ കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം.