ആലപ്പുഴ :വേമ്പനാട് കായലിന്റെ കിടക്കേക്കരയിൽ താമസിക്കുന്ന ജനങ്ങളുടെ ചിരകാല അഭിലാഷമായ പുന്നമട നെഹ്റു ട്രോഫി പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുന്നു.
സെപ്റ്റംബർ 20ന് വൈകുന്നേരം 5 മണിക്ക് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് പാലത്തിൻറെ ശിലാ സ്ഥാപന കർമ്മം നിർവഹിക്കും.പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കെസി വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
ടൂറിസം മേഖലയിൽ വൻ കുതിപ്പിന് ഇടയാക്കുന്ന പ്രസ്തുത പാലത്തിൻ്റെ കല്ലിടൽകർമ്മം ഉത്സവ ഛായയോടെ സംഘടിപ്പിക്കുവാൻ പുന്നമടയിൽ ഇന്ന് ചേർന്ന പൗരാവലിയുടെ യോഗംനിശ്ചയിച്ചു. യോഗം ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ , മുൻമുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ്,കൗൺസിലർമാരായ എം ആർ പ്രേം, മനു ഉപേന്ദ്രൻ , ശ്രീലേഖ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വിബിന്നു അശോകൻ, അജയ് സുധീന്ദ്രൻ , കെ സി ജോസഫ് , കെഎ സാബു, എം.ഷജീർ , എസ് എം ഇക്ബാൽ, അനീഷ് എന്നിവർ സംസാരിച്ചു. 64 കോടി രൂപ ചെലവഴിച്ച് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ് .