17/6/22
തിരുവനന്തപുരം :വിദ്യാർഥികൾക്ക് അതീവ ദുരിതം സമ്മാനിക്കുന്ന നേമം അടിപ്പാത ആർക്ക് വേണ്ടി എന്ന ചോദ്യം ഉയരുന്നു. നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, നേമം ഗവണ്മെന്റ് up സ്കൂൾ, നേമം ബോയ്സ് സ്കൂൾ, നേമം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാതെ സ്കൂളുകളിൽ എത്തുന്നതിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച അടിപാത ഇന്ന് കുട്ടികൾക്ക് സമ്മാനിക്കുന്നത് ചൊറിയും, രോഗങ്ങളുമാണ്.
ചെറിയൊരു മഴ പെയ്താൽ അടിപാത മുഴുവനും വെള്ളം നിറഞ്ഞ് കുഞ്ഞുങ്ങൾക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയിലാകും. കെട്ടിനിൽക്കുന്ന വെള്ളം ഒഴുകി പോകാൻ മാർഗങ്ങൾ ഇല്ലാത്തതിനാൽ കെട്ടികിടന്ന് കൊതുക്, ദുർഗന്ധം ഇവയാണ് സമ്മാനിക്കുക.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന നേമം up സ്കൂളിലേക്കുള്ള കുട്ടികൾക്കാണ് കൂടുതൽ ദുരിതം. മുതിർന്ന കുട്ടികൾ റോഡ് മുറിച്ചുകടന്ന് ക്ലാസ്സുകളിൽ എത്തുമ്പോൾ ചെറിയ ക്ലാസിലെ കുട്ടികളെയും കൊണ്ട് അമ്മമാർ സാഹസയാത്രയാണ് അടിപാതയിലൂടെ നടത്തുന്നത്.
പി ടി എ മീറ്റിംഗുകളിൽ ഈ ദുരിതം രക്ഷകർത്താക്കൾ അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധ്യാപകർ നിസ്സഹായരാണെന്നാണ് മറുപടി ലഭിച്ചത്. അധ്യാപകരും, രാവിലെയും വൈകുന്നേരങ്ങളിലും ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരും കല്ലും, പലകയും ഉപയോഗിച്ച് കുറച്ചൊക്കെ ശ്രമിച്ചെങ്കിലും സ്കൂൾ വിടുന്ന സമയത്താണ് ഏറെ ബുദ്ധിമുട്ട്.
നാട്ടുകാർക്ക് ഉപകാരത്തിനായി തുടങ്ങിയ ഒരു പദ്ധതികൂടി ഉപദ്രവമായി മാറുന്ന കാഴ്ചയാണ് നേമം അടിപാതയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ തോന്നുന്നത്.