മുഴുവൻ മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ഹൈക്രോസ് വാഹനം : ടെൻഡറില്ലാതെ വാഹനം വാങ്ങാൻ പത്ത് കോടി രൂപ, മന്ത്രിമാരുടെ സുരക്ഷ ഉറപ്പാക്കാനെന്ന് ഡി കെ ശിവകുമാര്‍1 min read

ബംഗളൂരു: മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. 33 മന്ത്രിമാര്‍ക്കും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് കാറുകള്‍ വാങ്ങാനായി 9.9 കോടി രൂപയാണ് ഫണ്ടിങ്ങിൽ  വകയിരുത്തിയിരിക്കുന്നത്.

ടെൻ‌ഡര്‍ ഒഴിവാക്കി കര്‍ണാടക ട്രാൻസ്പരൻസി ഇൻ പബ്ളിക് പ്രൊക്യുര്‍മെന്റ് ആക്‌ട് പ്രകാരമാണ് പുതിയ വാഹനങ്ങള്‍ വാങ്ങുക. പത്ത് കോടിയോളം രൂപ മന്ത്രിമാര്‍ക്ക് വാഹനം വാങ്ങാനായി അനുവദിച്ചതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നതിന് പകരമായി ഇത്രയും തുക വാഹനം വാങ്ങാനായി വിനിയോഗിക്കുന്നതിനെയാണ് ബിജെപി ചോദ്യം ചെയ്തത്. എന്നാല്‍ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഗൃഹലക്ഷ്മി പദ്ധതി പ്രാവര്‍ത്തികമാക്കിയതിന്റെ ആത്മവിശ്വാസത്തിലുള്ള കോണ്‍ഗ്രസ് പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ മന്ത്രിമാരുടെ സുരക്ഷ ഉറപ്പാക്കാനായാണ് പുതിയ വാഹനങ്ങളെന്നാണ് ഉപമുഖ്യമന്ത്രിയായ  ഡി കെ ശിവകുമാറിന്റെ വിശദീകരണം. കര്‍ണാടകയിലെ മന്ത്രിമാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഹെലികോപ്ടറുമില്ലെന്നും അദ്ദേഹം ഒളിയമ്പെയ്തു.

അതേസമയം ബി.പി.എല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ വീതം ലഭ്യമാക്കുന്ന ഗൃഹലക്ഷ്‌മി പദ്ധതിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി, പത്ത് കിലോ അരി സൗജന്യമായി നല്‍കുന്ന അന്നഭാഗ്യം, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും 3000, 1500 രൂപ വീതം നല്കുന്ന യുവനിധി തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ മറ്റ് നാല് പ്രധാന വാഗ്ദാനങ്ങളിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *