ഗ്രീഷ്മ ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ പുതിയ നീക്കം1 min read

ന്യൂ ഡല്‍ഹി: ജാമ്യത്തിലിറങ്ങിയതിന് തൊട്ട്  പിന്നാലെ പുതിയ നീക്കവുമായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയുണ്ടായത്.

മാവേലിക്കര സബ് ജയിലില്‍ ആയിരുന്ന ഗ്രീഷ്മ  ഒരു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത് എന്ന ഉപാധികളടക്കം അംഗീകരിച്ച ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.

ഇപ്പോഴിതാ കേസില്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് ഗ്രീഷ്മ. പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്. ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം എന്നാണ് ഗ്രീഷ്മയുടെ പുതിയ  ആവശ്യം. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ട് വഴിയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലാണ് കേസിന്റെ നടപടികള്‍ ഇപ്പോൾ നടക്കുന്നത്.

 ഹര്‍ജിയിലൂടെ ഗ്രീഷ്മ ആവശ്യപ്പെടുന്നത്  ഇത് കന്യാകുമാരിലെ ജെ എം എഫ് സി കോടതിയിലേക്ക് മാറ്റണം എന്നാണ് . വിചാരണ മാറ്റണം എന്ന് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മയും അമ്മാവനും ഹര്‍ജിയില്‍ പറയുന്നു. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. ഷാരോണ്‍ വധം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണം എന്നാണ് പ്രതികള്‍ പറയുന്നത്.

നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത്  കൊണ്ട്  പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും എന്നും കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങൾ.

 ഗ്രീഷ്മ   മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ്  കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായത്തില്‍ കീടനാശിനി കലര്‍ത്തിയായിരുന്നു ഗ്രീഷ്മ, ഷാരോണിനെ കൊലപ്പെടുത്തിയത്. മുന്‍പും ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചിരുന്നു. കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ നല്‍കിയായിരുന്നു ആദ്യശ്രമം നടത്തിയത്.

എന്നാല്‍ ഇത് പാളിയതോടെയാണ് വീട്ടിലേക്ക് വിളിച്ച്‌ വരുത്തി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയത്. കേസില്‍ ഷാരോണ്‍ മരിച്ച്‌ അധികം വൈകാതെ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ഗ്രീഷ്മ ബാത്‌റൂം ക്ലീനര്‍ കഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ ഷാരോണിന്റെ കുടുംബം പിന്നെ  രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *