തിരുവനന്തപുരം: ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി വയനാട്ടിലെ ദുരിത മേഖലകളിൽ നിന്നുള്ള 13 കുട്ടികൾ ഉപരി പഠനനത്തിനായി തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ എത്തി. നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും ദുരുത മേഖല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏർപ്പെടുത്തിയ സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലാണ് കുട്ടികൾക്ക് ഉപരിപഠനം ഉറപ്പാക്കിയത്. ഉപരിപഠനത്തിനായി എത്തിയ ആദ്യ സംഘം ആണ് ഇന്നലെ നിംസ് മെഡിസിറ്റിയിൽ എത്തിയത്. നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൽ വയനാട്ടിൽ നിന്നും എത്തിയ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈ നൽകി സ്വീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ രാജ് മോഹനൻ, നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി എം ഡി യും നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ്ഫ്രാങ്ക്ളിൻ, നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷനൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീഖ്, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു , അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ശിവകുമാർ രാജ്, കൗൺസിലർ സൗമ്യ, ബിനു മരുതത്തൂർ, തിരുമംഗലം സന്തോഷ്, കൃഷണൻ തുടങ്ങിയവർ പങ്കെടുത്തു. നെയ്യാറ്റിൻകരയിൽ എത്തിയ കുട്ടികൾ ഇന്ന് നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കുകയും ചെയ്യും.കേരള നിയമസഭ സ്പീക്കർ എ.എൻ ഷംഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ക്ഷീരവികസന മന്ത്രി ടി. മനോ തങ്കരാജ്, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ , എം ആർ ഗാന്ധി, കളക്ടർ എംഎൽഎ മാർ മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പ്രവേശനോത്സവത്തിൽ പങ്കെടുക്കും