നിയമസഭ കയ്യാങ്കളിയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസ്, പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്1 min read

16/3/23

തിരുവനന്തപുരം :നിയമസഭ കയ്യാങ്കളിയിൽ ഭരണ -പ്രതിപക്ഷ അംഗങ്ങൾക്കെതിരെ കേസ്. ഭരണകക്ഷി അംഗങ്ങൾക്ക് ജാമ്യം ലഭിക്കുന്ന വകുപ്പും, പ്രതിപക്ഷ അംഗങ്ങൾക്ക് ജാമ്യമില്ല വകുപ്പും ചുമത്തിയാണ് കേസ്. മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ നല്‍കിയ പരാതിയില്‍ എച്ച്‌. സലാം, സച്ചിന്‍ദേവ് എന്നിവര്‍ക്കെതിരേയും ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ജാമ്യംലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ 12 പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏഴ് എംഎല്‍എമാര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎല്‍എമാര്‍ക്കെതിരേയുമാണ് കേസ്. റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നവരുടെ പേരുകളാണ് പ്രതിപ്പട്ടികയിലുള്ളത്. കലാപശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍.

ബുധനാഴ്ച സ്പീക്കറുടെ മുറിക്കുമുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം സംഘര്‍ഷത്തിലേക്കെത്തിയിരുന്നു. അടിയന്തരപ്രമേയത്തിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ സ്പീക്കറുടെ ഓഫീസിനുമുമ്ബില്‍ കുത്തിയിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.എല്‍.എ.മാരെ നിയമസഭയിലെ സുരക്ഷാജീവനക്കാരായ വാച്ച്‌ ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു. ഇവരെ ബലംപ്രയോഗിച്ച്‌ തള്ളിനീക്കിയും പൊക്കിയെടുത്തും സ്ഥലത്തുനിന്ന് മാറ്റിയത് സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.

പരിക്കേറ്റ ടി.വി. ഇബ്രാഹിം ചികിത്സതേടി. എ.കെ.എം. അഷറഫിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിവലിക്കിടെ കൈക്കുഴതെറ്റിയ കെ.കെ. രമയ്ക്ക് പ്ലാസ്റ്ററിടേണ്ടിവന്നു. ഒരുപ്രകോപനവുമില്ലാതെയാണ് തങ്ങള്‍ക്കുനേരെ ബലപ്രയോഗവും കൈയേറ്റവും ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ എംഎല്‍എമാര്‍ ആക്രമിച്ചതായി വാച്ച്‌ ആന്‍ഡ് വാര്‍ഡും ഇന്നലെ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *