തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടുന്നു. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും.
ചില വിദേശ മദ്യനിർമ്മാണ കമ്പനികൾ ബവ്റിജസ് കോര്പ്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 14 ശതമാനമായും വര്‍ധിപ്പിക്കാന്‍ ബെവ്കോയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്.
നിലവില്‍ 1,800 രൂപ മുതലാണ് കേരളത്തില്‍ വിദേശ നിര്‍മ്മിത മദ്യം ലഭ്യമാകുന്നതെങ്കില്‍ ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡുകൾ ഉണ്ടാകില്ല. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യുന്ന കമ്പനികളുടെ ദീര്‍ഘകാലം കൂടിയുള്ള ആവശ്യം കൂടിയാണിത്.
വിദേശത്ത് നിര്‍മ്മിക്കുന്ന വൈനിനും മദ്യത്തിനും ഒരേ നിരക്കിലായിരിക്കും മാര്‍ജിന്‍. നിലവില്‍ വിദേശനിര്‍മ്മിത മദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാര്‍ജിന്‍ മൂന്ന് ശതമാനവും അഞ്ച് ശതമാനവുമാണ്. ഇതോടെയാണ് വില കുത്തനെ ഉയരുക.
മദ്യം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കുന്നതിനാണ് വെയര്‍ഹൗസ് മാര്‍ജിന്‍ ഈടാക്കുന്നത്. ഷോപ്പുകള്‍ വഴി വില്‍ക്കുന്നതിനാണ് ഷോപ്പ് മാര്‍ജിന്‍ ഈടാക്കുന്നത്. നേരത്തെ പല ബ്രാന്‍ഡുകളും സ്വന്തം നിലയ്ക്ക് 750 രൂപ വരെ വര്‍ധിപ്പിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു.