തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായേക്കുമെന്ന വാർത്തകൾക്ക് വിരാമമായി . വൈദ്യുതി കരാറുകളുടെ കാലാവധി നീട്ടിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയ്ക്ക് താത്ക്കാലിക പരിഹാരമായിട്ടുണ്ട് . ഈ സാഹചര്യത്തിൽ ഇനി ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. വൈദ്യുതി കരാറുകള്‍ ഡിസംബര്‍ 31വരെയാണ് നീട്ടിയത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അര്‍ധരാത്രി ഉത്തരവിറക്കുകയായിരുന്നെന്ന് 24ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിലെ വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബർ 31വരെയാണ് നീട്ടിയിരിക്കുന്നത്. 2024 ജനുവരി 1 മുതൽ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട് . നേരത്തെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്നത് സംബന്ധിച്ച് ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തുമെന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നു. ഇതേസമയത്താണ് കെഎസ്ഇബി കരാറുകൾ നീട്ടിയത്.
ലോഡ് ഷെഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കരാറുകൾ നീട്ടിയത്. നിലവിലുള്ള പ്രതിസന്ധി കരാര്‍ റദ്ദാക്കിയത് കാരണമല്ലെന്നും കമ്മിഷന് വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര ഉത്പാദനവും കുറഞ്ഞെന്നാണ്
കമ്മിഷന് വിശദീകരിക്കുന്നത് തന്നെ.
ഇന്നലെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ലോഡ് ഷെഡിങ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ നല്കാന് റെഗുലേറ്ററി കമ്മീഷന് നിര്‍ദേശവും നല്‍കിയിരുന്നു. കരാര്‍ നീട്ടണമെന്ന അപേക്ഷയില്‍ വാദം കേട്ട ശേഷമായിരുന്നു കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.