തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സമാനമായ തെറ്റായ വിവരങ്ങള്‍ ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
2023-24 സാമ്പത്തികവര്‍ഷം ബജറ്റില്‍ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗംപുരോഗമിക്കുകയാണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ അദ്ധ്യായന വര്‍ഷം തന്നെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.
മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ വിവിധ പദ്ധതികളും പരിപാടികളുമാണ് നടപ്പാക്കി വരുന്നത്. പാലോളി കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രകാരം രൂപംകൊണ്ട ന്യൂനപക്ഷ ക്ഷേമ സെല്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, മദ്രസ അദ്ധ്യാപകര്‍ക്കുള്ള ക്ഷേമനിധി, സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രം, ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷധനകാര്യ കോര്‍പ്പറേഷന്‍ എന്നിവ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാകും വിധമാണ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ 8 വര്‍ഷം ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി ലഭിച്ച 500 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ യുവജനതയ്ക്കായുള്ള 24 സൗജന്യ പരിശീലന കേന്ദ്രങ്ങള്‍ അനുവദിച്ചതും 28 ഉപകേന്ദ്രങ്ങള്‍ തുടങ്ങിയതും എല്‍ ഡി എഫ് സര്‍ക്കാരാണ്. ന്യൂനപക്ഷ പോളി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ. എ പി ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പും, നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്പും ഈ ഘട്ടത്തിലാണ് ആരംഭിച്ചത്.
ഇതേ സമയം, ന്യൂനപക്ഷ ക്ഷേമ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലത്തിനുള്ള ബജറ്റ് വിഹിതം 2022-23 സാമ്പത്തിക വര്‍ഷം 5020 കോടി രൂപ ആയിരുന്നുവെങ്കില്‍ 2024-25 ല്‍ 3097 കോടി മാത്രമാണ്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവെച്ചുള്ള പദ്ധതി വിഹിതം 12.5 ശതമാനം കുറച്ചു. ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി. മെറിറ്റ് കം മീന്‍സ് ബെയ്‌സ്ഡ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 2022-23 ല്‍ അനുവദിച്ചത് 365 കോടി രൂപ ആയിരുന്നുവെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അത് 44 കോടി മാത്രമാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിവന്ന ബീഗം ഹസ്രത് മഹല്‍ സ്‌കോളര്‍ഷിപ്പിനായി ഇത്തവണ തുക നീക്കിവച്ചിട്ടില്ല. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന നയാ സവേര പദ്ധതിയും നിര്‍ത്തി.
ഈ അവഗണനക്കെതിരെ ചെറുവിരലനക്കാത്തവരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കള്ളപ്രചാരണവുമായി രംഗത്തുവന്നിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പിനുള്ള ഗൂഢനീക്കം വിലപ്പോകില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.