ഓംചേരിയുടെ വേർപാടിൽ രമേശ് ചെന്നിത്തല അനുശോചിച്ചു1 min read

 

കലാ സാഹിത്യ മാധ്യമ രം​ഗങ്ങളിൽ കേരളത്തിനകത്തും പുറത്തും തലയെടുപ്പോടെ നിന്ന സമുന്നതനായ സാംസ്കാരിക നായകനെയാണ് ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തോടെ നഷ്ടമായതെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല പറഞ്ഞു. എംപി ആയി ഡൽഹിയിലായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഓംചേരിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. ആകാശവാണിയിൽ സമുന്നത പദവിയിലിരുന്നപ്പോഴും നാടകരചനയിലും അഭിനയത്തിലും അദ്ദേഹം അസാമാന്യമായ പാടവം പ്രകടിപ്പിച്ചു.
ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ൽ ഡൽഹിയിൽ എത്തിയത്. പിന്നീട് ഡൽഹി മലയാളികൾക്ക് ഇടയിൽ സജീവസാന്നിധ്യമായി. മനുഷ്യ നന്മക്കു വേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്റെ മോചനത്തിനു വേണ്ടിയുമാണ് അദ്ദേഹം നാടകങ്ങൾ രചിച്ച് ശക്തമായ ഇടപെടലുകൾ നടത്തിയത്.
‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന ആദ്യ നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവരാണ്. 1963ൽ എക്സ്പിരിമെന്റൽ തീയറ്റർ രൂപീകരിച്ചു. ഉന്നത ഉദ്യോഗങ്ങൾക്കിടയിലെ സർഗജീവിതം അദ്ദേഹത്തെ പൊതുസമൂഹത്തിൽ വേറിട്ടു നിർത്തി. കേരളത്തിനു പുറത്ത് ഔദ്യോഗികജീവിതം നയിക്കുമ്പോഴും മലയാളത്തെയും സാഹിത്യത്തെയും അദ്ദേഹം ഹൃദയത്തോടു ചേർത്തുവെച്ചു. അതുകൊണ്ടുതന്നെ, മറുനാട്ടിലെ മലയാളികളിൽ മാതൃഭാഷ പ്രചരിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചപ്പോൾ മലയാളം മിഷന്റെ അമരക്കാരനായി അദ്ദേഹത്തെയാണു ഭരമേല്പിച്ചത്.
ഇന്ദിരാ​ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഓംചേരി, അവരുടെ നിർദേശപ്രകാരമാണ് ‘കുട്ടികളുടെ നെഹ്റു’ എന്നൊരു പുസ്തകമെഴുതിയത്.
എഴുത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ഡൽഹി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിൽ കർമ്മനിരതനായിരുന്നു ഓംചേരി. ഡൽഹി മലയാളികൾക്കും ഡൽഹിയിൽ എത്തുന്ന മലയാളികൾക്കും സഹായിയും സുഹൃത്തുമായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടു നീണ്ട ആത്മബന്ധമായിരുന്നു വ്യക്തിപരമായി അദ്ദേഹവുമാണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ ദുഃഖിക്കുന്നവർക്കൊപ്പം ചേരുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *