പച്ചമലയാളം കോഴ്‌സ് : രജിസ്‌ട്രേഷൻ തീയതി നീട്ടി1 min read

 

തിരുവനന്തപുരം :കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്‌സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ആണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്

ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാ കോഴ്സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം.
60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകൾ.

അടിസ്ഥാനകോഴ്‌സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്.

വിശദവിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *