ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ചു1 min read

 

പാലക്കാട്‌ :സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്നു ആലത്തൂര്‍ എസ്.എച്ച്.ഒ ടി.എന്‍ ഉണ്ണികൃഷ്ണന്‍, എസ്.ഐ വിവേക് നാരായണന്‍, സി.പി.ഒ രാജീവ് എന്നിവര്‍ ചേര്‍ന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ്, ഇന്‍റലിജന്‍സ് എ.ഡി.ജി.പി പി. വിജയന്‍ ഐ.പി.എസ്, മറ്റ് ഉന്നതോദ്യോഗസ്ഥര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷന്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായും ദേശീയ തലത്തില്‍ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *