പാലക്കാട് :പാലക്കാട് വിധി ഇന്ന്.രാവിലെ ഏഴുമണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് കേന്ദ്രങ്ങളില്‍ മോക് പോളിങ് നടക്കുന്ന സമയത്ത് ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാനാർഥികള്‍ വോട്ടർമാരെ കണ്ടു. ആരോപണ പ്രത്യാരോപണങ്ങളും കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍കൊണ്ടും നിറഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണിയും ആവേശവും ആത്മവിശ്വാസവും പുലർത്തിയിട്ടുണ്ട്. വിവാദങ്ങള്‍ മൂന്ന് മുന്നണികളെയും ഉലച്ചിട്ടുമുണ്ട്.
അതുകൊണ്ട് തന്നെ ജനവിധി എന്താകുമെന്ന കാര്യത്തില്‍ മൂന്ന് മുന്നണികള്‍ക്കും ആശങ്ക നിലനില്‍ക്കുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് തുല്യമായ വീറും വാശിയുമാണ് മുന്നണികള്‍ കാഴ്ചവെച്ചത്. മൂന്ന് സ്ഥാനാർഥികളും ദേവാലയങ്ങളിലെത്തി പ്രാർഥനയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തന്നെ സ്ഥാനാർഥികള്‍ പോളിങ് ബുത്തുകളില്‍ വോട്ടുചെയ്യാനായെത്തി എന്നതാണ് പ്രത്യേകത.
രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂള്‍ ബുത്ത് നമ്ബർ 88ലാണ് ഇടത് സ്ഥാനാർഥി പി സരിൻ വോട്ട് ചെയ്യുക. സരിനും ഭാര്യയും രാവിലെ വോട്ട് രേഖപ്പെടുത്തനെത്തി. പാലക്കാടിന്റെ മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന തിരഞ്ഞടുപ്പാണ് നടക്കുന്നതന്ന് വോട്ട് ചെയ്യുന്നതിന് മുമ്ബ് മാധ്യമങ്ങളെ കണ്ട സരിൻ പറഞ്ഞു. പക്ഷങ്ങള്‍ പറഞ്ഞ് ജനങ്ങളുടെ വോട്ടുകള്‍ തിരിച്ചിരുന്ന രീതി അവസാനിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടായി ഇത്തവണത്തേത് മാറുമെന്നും സരിൻ വ്യക്തമാക്കി. എവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാലും അഞ്ചുശതമാനം വരെ കുറവ് ഉണ്ടാകാറുണ്ട്. എന്നാല്‍ പാലക്കാട് കഴിഞ്ഞതവണത്തേപോലെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ്. ഒന്നരലക്ഷത്തിന് മുകളില്‍ വോട്ട് രേഖപ്പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സരീൻ പറഞ്ഞു.
യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. മാറ്റം കൊണ്ടുവരാൻ പോകുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറും പറഞ്ഞു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിവരുടെ നീണ്ട നിര ദൃശ്യമായി. അതേസമയം വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനമാനത്തില്‍ കുറവ് വന്നത് മുന്നണികളെ ആശങ്കപ്പെടുത്തിയിരുന്നു. ആകെ 184 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടർ പട്ടിക പ്രകാരം 1,94,706 വോട്ടർമാരാണ് ഇത്തവണ ഉള്ളത്.