കോട്ടയംകാരാപ്പുഴ മണത്തറ കുഞ്ഞൻ ഗോവിന്ദൻ പ്പണിക്കരുടെയും കല്യാണി അമ്മയുടെയും മകനായി 1905 ഫെബ്രുവരി 25-ാം തീയതി പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ ജനിച്ചു.. കാരാപ്പുഴയിലും ഹരിപ്പാട്ടുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ഇ എസ്.എസ്.എൽ.സി പാസ്സായതിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റ് പാസ്സായി. വിദ്യാഭ്യാസ കാലത്തു തന്നെ കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.തുടർന്ന് സാഹിത്യ നിരൂപണങ്ങൾ എഴുതി തുടങ്ങി.മഹാകവി ഉള്ളൂർ എസ് പരമേശ്വരഅയ്യരുടെ കവിതകളെക്കുറിച്ച് വിമർശനാത്മകമായി എഴുതിയ ഒരു ലേഖനം മഹാകവിയുടെ ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞുകൃഷ്ണനെ നേരിൽ കാണാൻ ഉള്ളൂർ ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് വന്നു മഹാകവിയെ കണ്ടു. ഉള്ളൂരുമായിട്ടുള്ള ബന്ധമാണ് പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണനെ സാഹിത്യ രംഗത്തേക്ക് അടുപ്പിച്ചത്.തുടർന്ന് റവന്യൂ വകുപ്പിൽ ജോലി കിട്ടി. പിന്നീട് ജോലി ലേബർ വകുപ്പിലേക്ക് മാറ്റിക്കിട്ടി.1956-ൽ ജോലിയിൽ നിന്നു സ്വയം വിരമിച്ചു.മലയാള സാഹിത്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പള്ളിപ്പാട്ടുകുഞ്ഞുകൃഷ്ണൻ. ഭാവനാ കൗമുദി, ചിന്താവസന്തം (കാവ്യസമാഹാരം), നമ്മുടെ സാഹിത്യകാരന്മാർ (14ഭാഗം), ഡോ. പല്പു ( ജീവചരിത്രം), പിതാക്കന്മാരും പുത്രന്മാരും (തർജ്ജമ) ,ഏതാനു കഥകൾ, ചിറ്റമ്മയുടെ മകൻ (കഥാ സമാഹാരം), മഹച്ചരിതസംഗ്രഹ സാഗരം ( 4 ഭാഗം) എന്നിവയാണ് പ്രധാനകൃതികൾ… ഭാര്യ കെ.ജി.ഭവാനി അമ്മ. മക്കൾ ഇ.കെ.ഉദയഭാനു, ഇ.കെ.രഘുരാമചന്ദ്രൻ ,ഇ കെ.ബാലഗംഗാദത്തൻ..1991 ഏപ്രിൽ 19-ാം തീയതി പള്ളിപ്പാട്ട് കുഞ്ഞുകൃഷ്ണൻ അന്തരിച്ചു.
2025-04-19