തിരുവനന്തപുരം :പണിമൂല ദേവീക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ വിലയിരുത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ , ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഭക്തജനങ്ങൾക്ക് ആവശ്യമായ യാത്രാ സൗകര്യത്തിന് വേണ്ടി കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തുന്ന ഉത്സവത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കോർപ്പറേഷനും, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തും ഏകോപിപ്പിക്കും. പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പോലീസ് സേനയെ നിയോഗിക്കും. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ വിപുലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ശുദ്ധജലവിതരണത്തിനായി വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ കുടിവെള്ള ടാങ്കറുകൾ ക്രമീകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ ഊർജിതമായ പരിശോധനയും ഉണ്ടാകും. വേനൽക്കാലമായതിനാൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾക്ക് അഗ്നിരക്ഷാ സേനക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡെപ്യൂട്ടി തഹസീൽദാർ ഷൈലജനെ നിയോഗിച്ചു. പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് വകുപ്പുകൾ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. പൂർണമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിനും, വൈദ്യുതി വിതരണം സുഗമമാക്കുന്നതിനും കെ എസ് ഇ ബി നടപടി സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾ എക്സൈസ് വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ,
എ ഡി എം അനിൽ ജോസ്. ജെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്രഭാരവാഹികൾ എന്നിവരും പങ്കെടുത്തു