30/10/22
തിരുവനന്തപുരം : ഷാരോണിന് നൽകിയ കഷായം ഗ്രീഷ്മ വീട്ടിൽ ഉണ്ടാക്കിയതാണെന്ന് പോലീസ്.അമ്മക്ക് വാങ്ങിയ കഷായപൊടി തിളപ്പിച്ച കഷായത്തിൽ ഗ്രീഷ്മ കീടനാശിനി കലർത്തി നൽകി. തുടർന്ന് ജ്യുസും നൽകി.കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത്.
മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു.ജാതക ദോഷം കാരണമായി പറഞ്ഞ് ഗ്രീഷ്മയുമായുള്ള ബന്ധത്തിൽ നിന്നും ഷാരോണിനെ പിന്തിരിപ്പിക്കാൻ നോക്കി.പക്ഷെ ഷാരോൺ അതിന് തയാറായിരുന്നില്ല. ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ നൽകിയ മൊഴിയാണ് നിർണായകമായത്. ഛർദ്ദിലിൽ കണ്ടെത്തിയ നിറ വ്യത്യാസം പരിശോധിച്ച ഫോറിൻസിക്ക് ഡോക്ടർ ആണ് നിർണായക മൊഴി നൽകിയത്. ഷാരോണിന്റെ മൊഴിയിലും വൈരുധ്യം തോന്നിയിരുന്നില്ല. രണ്ടുതവണ ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു.
പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന വാദം എ ഡി ജി പി അജിത് കുമാർ നിഷേധിച്ചു. ഗ്രീഷ്മയുടെ മൊഴികളിൽ വൈരുധ്യം പോലീസിന് നേരത്തെ തോന്നിയിരുന്നു. ബാക്കി കാര്യങ്ങളിൽ തിരക്ക് കാരണമാണ് പോലീസ് കടക്കാത്തത്. ടീമുകളായി തിരിഞ്ഞ് പോലീസ് വളരെ കാര്യക്ഷമമായി തന്നെയാണ് അന്വേഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.