തിരുവനന്തപുരം :ഷാരോൺ വധ കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നല്കിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി നല്‍കിയത്.
കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് അധികാരപരിധി മറികടന്നാണെന്നാണ് ഹർജിയില്‍ പറഞ്ഞിരുന്നത്. നിയമപരമായ അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നാണ് ഗ്രീഷ്മയുടെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തിമാക്കി. കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മയും ബന്ധുക്കളും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. നെയ്യാറ്റിൻകര അഡിഷണല്‍ സെഷൻസ് കോടതി ഹർജി തള്ളിയ സാഹചര്യത്തിലാണ് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻ നായരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2022 ഒക്ടോബർ 14നാണ് കേസിലെ ഒന്നാം പ്രതിയായ തമിഴ്നാട് ഭാഗത്തെ ദേവിയോട് ശ്രീനിലയത്തില്‍ ഗ്രീഷ്മ പാറശാല സ്വാദേശി ഷാരോണ്‍ എന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ജ്യൂസില്‍ കളനാശിനി കലർത്തി നല്‍കിയത്. അത്യാസന്ന നിലയിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കേസില്‍ പ്രതികളായ മൂന്നുപേരും കുറ്റം നിഷേധിച്ചിരുന്നു.