23/9/22
കൊച്ചി :മിന്നല്‍ ഹര്‍ത്താല്‍ പറ്റില്ലെന്നും ജനങ്ങളെ ബന്ദികളാക്കാന്‍ അനുവദിക്കില്ലെന്നും വിഷയം അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ ഉരുക്കുമുഷ്‌ടി പ്രയോഗിക്കാമെന്നും കോടതി പറഞ്ഞു.
ഹര്‍ത്താല്‍ അക്രമങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം തുടരുകയാണ്.കോട്ടയത്ത് സംക്രാന്തിയില്‍ ലോട്ടറികട ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചുതകര്‍ത്തു. കട തുറന്നതിനെ ചോദ്യം ചെയ്‌തായിരുന്നു അക്രമം.
തലസ്ഥാനത്ത് പൊലീസ് സംരക്ഷണം സര്‍വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസിന് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. മണക്കാട് വച്ചാണ് പൂവാറിലേക്ക് പോകുകയായിരുന്ന ബസിലേക്ക് കല്ലെറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലും കോട്ടയത്തും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വ്യാപക ആക്രമണമാണ് നടത്തിയത്. കണ്ണൂരില്‍ രണ്ട് സ്‌കൂട്ടറുകളിലായി പെട്രോള്‍ബോംബുമായി കറങ്ങിയ അഞ്ചുപേരില്‍ ഒരാളെ പൊലീസ് പിടികൂടി.
കണ്ണൂരില്‍ പത്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ സമരാനുകൂലികള്‍ ബൈക്കിടിച്ച് വീഴ്ത്തി. കോട്ടയം ഈരാറ്റുപേട്ടയില്‍ പൊലീസും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രദേശത്തെ നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി.