4/4/23
തിരുവനന്തപുരം :സിപിഎം നേതാവ് സുനീത് ചോപ്രയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി. ചോപ്ര ഉജ്വലനായ വാഗ്മിയും, സംഘടകനുമായിരുനെന്ന് അദ്ദേഹം അനുശോചിച്ചു.
മുഖ്യമന്ത്രിയുടെ FB പോസ്റ്റ്
‘സിപിഐഎം മുൻ കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സഖാവ് സുനീത് ചോപ്രയ്ക്ക് ആദരാഞ്ജലികൾ. ഉജ്ജ്വലനായ വാഗ്മിയും സംഘാടകനുമായിരുന്നു സഖാവ്. അടിയന്തരാവസ്‌ഥക്കാലത്ത് ഏറ്റവുമാദ്യം അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളിലൊരാളാണ് അദ്ദേഹം. ഹിന്ദി ഹൃദയഭൂമിയിൽ പാർടി കെട്ടിപ്പടുക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്തു. അക്കാദമിക വേദികളിലും വർഗ്ഗ സമരവേദികളിലും ഒരുപോലെ ഫലപ്രദമായ രീതിയിൽ തൊഴിലാളി വർഗ്ഗരാഷ്ട്രീയം പറയാൻ അദ്ദേഹത്തിനു കഴിഞ്ഞു. ദേശീയ മാധ്യമങ്ങളിലെ ഇടതുപക്ഷത്തിന്റെ മുഖമായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിൽ സ്‌ഥിര സാന്നിധ്യമായിരുന്നു.
കേരളത്തിന്റെ മുക്കിലും മൂലയിലും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി വരികയും പ്രസംഗിക്കുകയും ചെയ്ത സഖാവ് 1980ൽ ഡിവൈഎഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ സംഘടനയുടെ ആദ്യ അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യം വകവെക്കാതെ കോവിഡ് കാലത്തും അതിനുശേഷവും അദ്ദേഹം ഉത്തരേന്ത്യയിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടു. കർഷക സമര സമയത്തും മുന്നണി പോരാളിയായി നിലകൊണ്ടു. അവസാന നാളുകളിൽ പോലും പാർടി ആശയപ്രചരണ രംഗത്ത് സഖാവ് കർമ്മനിരതനായിരുന്നു. സഖാവ് സുനീത് ചോപ്രയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.