തിരുവനന്തപുരം : സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് പോയ ഒഴിവില്‍ ആരായിരിക്കും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ചതായി സൂചന. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് രാജശേഖരന്‍ നായര്‍.
കെ കെ രാഗേഷ് പോയ ഒഴിവില്‍ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ രാജശേഖരന്‍ നായരെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസിനെ ധരിപ്പിച്ചത്. 2016 മുതല്‍ 21 വരെയുള്ള പിണറായി ഒന്നാം സര്‍ക്കാരില്‍ രാജശേഖരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് നിയമനം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അഭിഭാഷകന്‍ കൂടിയാണ് രാജശേഖരന്‍ നായര്‍.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് സിപിഐ എം നേതാവ് എം വി ജയരാജനെ തിരികെ എത്തിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ആര്‍ മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കിയേക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയില്‍ കരുത്തന്‍ തന്നെ വേണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താത്പര്യം.