കാസർഗോഡ് :സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് മൈതാനത്ത് വച്ച് നടക്കുകയാണ്. 2016-ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും. അങ്ങനെ നോക്കുമ്പോൾ വികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും ഒൻപതു വർഷങ്ങളുടെ പൂർത്തീകരണമാണിത്.
ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല, മേഖലാതല യോഗങ്ങൾ നടക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.
വർഗീയ ശക്തികളും അവർക്കു പിന്തുണ നൽകുന്ന കുത്തക മുതലാളിത്തവും മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കേരളമുയർത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയായി സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം മാറുകയാണ്. സമഗ്രവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഈ സന്ദർഭത്തിൽ കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്.
സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് എൽ ഡി എഫ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സുസ്ഥിരവും സമത്വപൂർണ്ണവുമായ നവകേരളം യാഥാർത്ഥ്യമാക്കാൻ കേരള ജനതയാകെ സർക്കാരിനൊപ്പമുണ്ട്. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദ്ദേശങ്ങൾ പകർന്നും ഈ നാട് സർക്കാരിന്റെ കൂടെയുണ്ട്. ആ കരുത്താണ് നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ സർക്കാരിനു പ്രചോദനവും നിശ്ചയദാർഢ്യവും പകരുന്നത്. നാടിനെ വിഭജിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് നവകേരളത്തിനായി നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ നാലാം വാർഷികം ഒരുമിച്ച് ആഘോഷിക്കാമെന്നതാണ് സർക്കാർ നിർദ്ദേശം.