8/4/23
തിരുവനന്തപുരം :’വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമിച്ച വീടുകളുടെ ഉദ്ഘാടന കർമ്മത്തിന് ശേഷം അനുഭവങ്ങൾ FB പോസ്റ്റിൽ വിവരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ FB പോസ്റ്റ്
‘വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷൻ്റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.
ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിൽ പൂർത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതിൽ വിശ്വാസമർപ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ സന്ദർഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാം.’