തിരുവനന്തപുരം :ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി ഇന്ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സാമൂഹ്യ നീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവരും ജില്ലയിലെ എം.എല്‍.എമാരും പങ്കെടുക്കും. ജയ ഡാളി, ഗിരീഷ് കീർത്തി, പി.ടി ബാബുരാജ്, പി എസ് കൃഷ്ണകുമാർ, ഗോകുൽ രത്നാകർ തുടങ്ങി ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ മുഖ്യമന്ത്രിയുമായി സംവദിക്കും. അമ്പതു പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമുണ്ടാകും. മറ്റുള്ളവര്‍ക്ക് തല്‍സമയം ചോദ്യങ്ങള്‍ എഴുതി നല്‍കാനാവും. വിവിധ ജില്ലകളിലെ ഭിന്നശേഷി മേഖലയിലുളള വ്യക്തികൾ മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണക്കത്ത് ലഭിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരും വയോജന മേഖലയിലുള്ളവരും മുഖാമുഖത്തില്‍ പങ്കെടുക്കും.