പോലീസിലെ ക്രിമിനലുകൾക്കെതിരെ മുഖ്യമന്ത്രി ;പിരിച്ചുവിടൽ നടപടികൾ ഊർജിതമാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി1 min read

22/2/23

തിരുവനന്തപുരം :പോലീസ് വകുപ്പിലെ ക്രിമിനലുകളെ പുറത്താക്കാൻ ഉറച്ച തീരുമാനവുമായി സർക്കാർ.ഗുരുതര കേസുകളില്‍പ്പെട്ട 59ഉദ്യോഗസ്ഥരില്‍ 12പേരെ ഉടന്‍ പിരിച്ചുവിടാന്‍ തുടങ്ങിവച്ച നടപടികള്‍ വേഗത്തിലാക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ഡി.ജി.പി അനില്‍കാന്തിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്നലെ പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ഡി.ജി.പി ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അട്ടിമറിച്ച്‌ പൊലീസിലെ ക്രിമിനലുകളുടെ പിരിച്ചുവിടലിന് തുടക്കത്തിലേ പൂട്ടിട്ടതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

12പേരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നോട്ടീസ് നല്‍കിയ രണ്ടുപേരെ ഉടന്‍ പിരിച്ചുവിടുമെന്നും നടപടിക്രമങ്ങളേറെയുള്ളതിനാലാണ് കാലതാമസമുണ്ടാവുന്നതെന്നും ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചു. കുറ്റക്കാരുടെ റാങ്ക് പരിഗണിക്കാതെ അതിശക്തമായ നടപടി ഉറപ്പാക്കണമെന്നും ഇനി പരാതികളുണ്ടാവരുതെന്നും ക്രിമിനലുകള്‍ പൊലീസില്‍ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുതരക്രിമിനല്‍ കേസുകളും ഗുണ്ടാ-മാഫിയാ ബന്ധവുമുള്ള പൊലീസുദ്യോഗസ്ഥരുടെ പട്ടിക ജില്ല പൊലീസ് മേധാവിമാര്‍ അടിയന്തരമായി നല്‍കണമെന്നും വകുപ്പുതല പരിശോധനയ്ക്കുശേഷം ജില്ല, റേഞ്ച് തലത്തില്‍ നടപടിയെടുക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡി.ജി.പി നിര്‍ദ്ദേശിച്ചു.

പീഡനക്കേസുകളിലെ പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമായ നാലു പേരെ ഇതുവരെ പിരിച്ചുവിട്ടു. രണ്ട് ഡിവൈ.എസ്.പിമാരടക്കം ആറ് പേര്‍ സസ്പെന്‍ഷനിലാണ്.

പൊലീസിലെ ക്രിമിനലുകള്‍ക്കെതിരായ നടപടി ജില്ല പൊലീസ് മേധാവിമാര്‍ വേഗത്തിലാക്കണം. ക്രിമിനലുകള്‍ക്കെതിരായ നടപടിയില്‍ റാങ്ക് വ്യത്യാസം വേണ്ട. നിയമത്തിന്റെ പഴുതുപയോഗിച്ച്‌ രക്ഷപെടാന്‍ അവസരമുണ്ടാവരുത്. ഇതിനായി നിയമോപദേശം തേടണം. ഡി.ഐ.ജിമാരും എസ്.പിമാരും പൊലീസിലെ ക്രിമിനലുകളുടെ പട്ടിക കൃത്യമായ ഇടവേളകളില്‍ നല്‍കണം. ക്രിമിനലുകളെ കണ്ടെത്താന്‍ രഹസ്യാന്വേഷണം ഉറപ്പാക്കണം. ആഴ്ചതോറും സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കണമെന്നും ഡിജിപി നിർദേശിച്ചു.

ഗുരുതര കേസുകളില്‍ പ്രതികളായവരെയും കേസുകള്‍ അട്ടിമറിച്ചവരെയും പിരിച്ചുവിടും,ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരെ ഉടന്‍ സസ്പെന്‍ഡ് ചെയ്യും,സംശയമുള്ളവരെ ക്രമസമാധാന ചുമതലയില്‍ നിന്നൊഴിവാക്കും, സ്ഥലം മാറ്റും,ഭൂമി, പണമിടപാടുകള്‍ക്ക് മദ്ധ്യസ്ഥരായവര്‍ക്കും സസ്പെന്‍ഷന്‍,ഗുണ്ടകളുടെ ക്വട്ടേഷന് ഒത്താശ ചെയ്താല്‍ സസ്പെന്‍ഷനും ക്രിമിനല്‍ കേസും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *