തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നില്‍ പി.പി.ദിവ്യയാണെന്ന് റവന്യൂ മന്ത്രിയും സിപിഎം കണ്ണൂര്‍-പത്തനംതിട്ട ജില്ലാനേതൃത്വവും സമ്മതിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്. വാളുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും മനുഷ്യനെ കൊല്ലാന്‍ സാധിക്കുമെന്ന് കണ്ണൂരിലെ സിപിഎം നേതാവ് ദിവ്യ തെളിയിച്ചു. ദിവ്യക്കെതിരെ സാഹചര്യതെളിവുകളുണ്ട്. ദിവ്യയുടെ പരാമര്‍ശം അനവസരത്തിലെന്നും അനൗചിത്യമെന്നും ഇരയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പു നയമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ദിവ്യയോടൊപ്പമാണ്. അതുകൊണ്ടാണ് സാഹചര്യ തെളിവുകളുണ്ടായിട്ടും ദിവ്യക്കെതിരെ കേസെടുക്കാത്തത്. എഡിഎമ്മിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പി.പി.ദിവ്യയ്ക്കും സിപിഎമ്മിനും പങ്കുണ്ട്. ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിനു വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. പ്രശാന്ത് വസ്തുതകള്‍ മറച്ചുവെച്ചാണ് ബിപിസിഎല്‍ ഔട്ട്‌ലെറ്റിന് അപേക്ഷ നല്‍കിയത്. നിങ്ങള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ആളാണോ എന്ന ചോദ്യത്തിന് അപേക്ഷകനായ പ്രശാന്ത് യാഥാര്‍ഥ്യം മറച്ചുവച്ചു. ഇക്കാര്യം ആരെക്കാളും ബോധ്യമുള്ളത് ദിവ്യയ്ക്കാണ്. ബിപിസിഎല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ ശ്രമിച്ചത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ്. നിയമവിരുദ്ധവും വസ്തുത മറച്ചുവച്ചും പ്രശാന്ത് നടത്തിയ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് പി.പി.ദിവ്യ ചെയ്തത്. കൊലക്കുറ്റം ചുമത്തുന്നതിനൊപ്പം അഴിമതിക്ക് കൂട്ടുനിന്നതിന് ദിവ്യയുടെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പാലസ്തീന്‍ വിഷയത്തില്‍ കഴിഞ്ഞദിവസം 35 മിനിട്ട് സംസാരിച്ച മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. നവീന്‍ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.