2/9/22
കൊച്ചി :ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച യുദ്ധവാഹിനി ins വിക്രാന്ത് ഇന്ന് നാടിന് സമർപ്പിക്കും.
കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറും. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും ചടങ്ങില്‍ വച്ച് അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും.
2007ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തന്നെയാണ് കപ്പലിന്റെ നിര്‍മാണം ആരംഭിച്ചത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ഈ കൂറ്റന്‍ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎന്‍എസ് വിക്രാന്തിന്‍റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേ സമയം കപ്പലില്‍ ഉള്‍ക്കൊളാനാവും.
രാജ്യത്ത് നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ എന്‍ എസ് വിക്രാന്ത്. ബ്രിട്ടണില്‍ നിന്ന് വാങ്ങിയ ഈ കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പഴയ വിക്രാന്തിന്‍റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്.
ഗതാഗത നിയന്ത്രണം
നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ കടുത്ത ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ 2 മണി വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു