കളമശ്ശേരി : ഇന്റര്‍നെറ്റിലൂടെ ബോംബുണ്ടാക്കാൻ പഠിച്ചു, തയ്യാറെടുപ്പുകള്‍ 6 മാസം മുൻപേ തുടങ്ങി, കളമശ്ശേരി സ്ഫോടനക്കേസിലെ കുറ്റവാളിയുടെ വെളിപ്പെടുത്തല്‍, മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പൊലീസ്.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനസ്ഥലത്ത് ബോംബ് സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാര്ട്ടിന് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റിലൂടെയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചതെന്ന് ഡൊമിനിക് മാര്ട്ടിന് പൊലീസിനോട് വെളിപ്പെടുത്തി.ആറ് മാസം കൊണ്ടാണ് ഇയാള്‍ ബോംബുണ്ടാക്കാന്‍ പഠിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രാര്‍ത്ഥനായോഗ സ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചത്. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.
കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്നലെ രാവിലെ 9.30യോടെ സ്ഫോടനം നടന്നത്.ഏറണാകുളം തമ്മനം സ്വദേശിയാണ് പ്രതി ഡൊമിനിക് മാര്ട്ടിന്. ഇടയ്ക്ക് ജോലിക്കായി വിദേശത്ത് പോയിരുന്നെങ്കിലും ഒന്നരവര്‍ഷം മുമ്ബ് തിരിച്ചെത്തി. തമ്മനത്തെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇയാള്‍ നല്കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിച്ചത്. മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി, ഫോണ്‍, പാസ്പോര്‍ട്ട്, ആധാര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
ഡൊമിനിക് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ ബോധ്യപ്പെടുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പുമൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടിരുന്നു.
ഇത് സമ്മതിക്കുന്ന വീഡിയോയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്ട്ടിന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്ട്ടിന് ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത് തന്നെ.