തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാർത്ഥി ജെ എസ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ തേച്ചുമായ്ച്ച് കളയാനുളള ശ്രമമാണ് നടക്കുന്നതെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആന്റി റാഗിംഗ് സ്ക്വാഡ് സസ്പെൻഡ് ചെയ്ത 33 വിദ്യാർത്ഥികളെ കോളേജ് തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നീതി കിട്ടുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഈ വിദ്യാർത്ഥികളെ കണ്ടെത്തിയത് ആന്റി റാഗിംഗ് സ്ക്വാഡാണ്. ഞാനല്ല. തെളിവുകള്‍ തേച്ചുമാച്ച് കളയാനുളള ശ്രമമാണ് നടക്കുന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയ സ്വാധീനം കാണും. ചിലപ്പോള്‍ വിസിക്ക് അവരെന്തെങ്കിലും വാഗ്ദാനം ചെയ്തുകാണും. വിസിക്ക് ഒന്നും സാധിച്ചില്ലെങ്കില്‍ ചാൻസലറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കും. പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംശയമുണ്ട്. ഇത് പ്രതിഷേധങ്ങളുടെ വായ മൂടിക്കെട്ടാനാണെന്നാണ് സംശയം.സിബിഐ അന്വേഷണം വരുമെന്ന് പറഞ്ഞയുടനെ പൊലീസ് അന്വേഷണം മതിയാക്കി. ഇപ്പോള്‍ രണ്ടുമില്ല’- ജയപ്രകാശ് പ്രതികരിച്ചു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എട്ടു മാസത്തോളം നീണ്ട പീഡനമാണ് സിദ്ധാർത്ഥ് കോളേജില്‍ നേരിട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പലപ്പോഴും സിദ്ധാർത്ഥിനെ നഗ്നനാക്കിയായിരുന്നു പീഡനം. എല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ സിദ്ധാർത്ഥ് ഹാജരാകണമെന്നതായിരുന്നു ശിക്ഷ.
ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് വിദ്യാർത്ഥികള്‍ക്കിടയില്‍ സിദ്ധാർത്ഥ് താരമായി വളരുന്നതായിരുന്നു പീഡനത്തിന് കാരണം. സിദ്ധാർത്ഥ് കോളേജില്‍ നേരിട്ടത് മൂന്ന് ദിവസത്തെ ക്രൂരമർദ്ദനം എന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ സിദ്ധാർത്ഥിന്റെ സഹപാഠിയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റി റാഗിംഗ് കമ്മിറ്റി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ആന്റി റാഗിംഗ് കമ്മിറ്റി 166 കുട്ടികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എട്ടുമാസം നീണ്ടുനിന്ന പീഡന വിവരം ആന്റി റാഗിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അദ്ധ്യാപകർ അറിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരം. സിദ്ധാർത്ഥിന്റെ ജന്മദിനത്തില് തൂണില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതായും മൊഴിയുണ്ട്.