തെലങ്കാനയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെ ദേവതയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ പതിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി.
സോണിയ ഗാന്ധി ഒരു ദേവിയുടെ വേഷം ധരിച്ച് രത്ന കിരീടം അണിഞ്ഞിരിക്കുന്നതായി പോസ്റ്ററുകളില്‍ കാണാം. വലതു കൈപ്പത്തിയില്‍ നിന്ന് തെലങ്കാനയുടെ ഭൂപടം ഉയര്‍ന്നു വരുന്നതും പോസ്റ്ററുകളില്‍ ചിത്രീകരിക്കുന്നതായാണ്.
തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിന് പിന്നില്‍ സോണിയാ ഗാന്ധി ആണെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ ഉപയോഗിക്കുന്നത്. ഇന്നലെ ഹൈദരാബാദില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ രീതിയിലുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത് . സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം നടന്നത്.
സോണിയ ഉൾപ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീക്കം ലജ്ജാകരമാണെന്നും ഭാരതത്തെ അപമാനിക്കുന്നതാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തുകയുണ്ടായി . പാര്‍ട്ടി എല്ലായ്പ്പോഴും തങ്ങളുടെ ‘കുടുംബത്തെ’ രാജ്യത്തേക്കാളും ജനങ്ങളേക്കാളും വലുതായി കാണുന്നു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തിന് പകരം സോണിയാ മാതാ കീ ജയ് മുദ്രാവാക്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിളിക്കുന്നതെന്നും പൂനാവാല ആരോപിക്കുകയുണ്ടായി.