പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ നടന്നു1 min read

 

തിരുവനന്തപുരം :പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച വികസന സെമിനാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ വിഹിതത്തോടൊപ്പം ജനപങ്കാളിത്തം കൂടി ചേരുമ്പോഴാണ് വികസന പദ്ധതികൾ വിജയകരമാകുന്നതെന്നും, അതാണ് ജനകീയാസൂത്രണത്തിന്റെയും വീകേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെയും അന്തഃസത്തയെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂടണമെങ്കിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. നിർവഹണ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയായി പദ്ധതികൾ മാറരുതെന്നും ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവർത്തകരുടെയും ഗുണഭോക്താക്കളുടെയും ക്രിയാത്മ ഇടപെടലുകൾ പദ്ധതികളുടെ വിജയത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തിന്റെ മുഴുവൻ പദ്ധതികളും നൂറ് ശതമാനം വിജയത്തിലെത്തിക്കാൻ ജനപ്രതിനിധികളും ഗുണഭോക്താക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2024-25 സാമ്പത്തിക വർഷത്തെ കരട് പദ്ധതി രേഖ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. 5.68 കോടി രൂപയാണ് പദ്ധതി വിഹിതമായി കണക്കാക്കുന്നത്. പ്രാദേശിക വികസനവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുന്ന രീതിയിൽ ഉത്പാദന, സേവന മേഖലകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാധാന്യം നൽകുന്ന ജനകീയ പദ്ധതികൾ രൂപീകരിക്കുകയാണ് വികസന സെമിനാറിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർ വീതമാണ് സെമിനാറിൽ പങ്കെടുത്തത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹമ്മദ് ഷാഫി പദ്ധതി നിർവഹണ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, അഭിൻദാസ്. എസ്, വികസന കാഴ്ചപ്പാടും, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല. എസ് പ്രോജക്ട് നിർദേശങ്ങളും പങ്കുവച്ചു.

പോത്തൻകോട് എം.റ്റി. ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ. അനിൽ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിതകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *