വാർത്തയുടെ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം അപലപനീയം: പ്രസ് ക്ലബ്1 min read

 

തിരുവനന്തപുരം: വാർത്ത കൊടുത്തതിനു മാധ്യമം ദിനപത്രത്തിൻ്റെ ലേഖകൻ അനിരു അശോകൻ ക്രൈംബ്രാഞ്ചിനു മുന്നിൽ കുമ്പിട്ടു നിൽക്കണമെന്ന പോലീസ് ഉത്തരവ് അപലപനീയമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പ്രസ്താവനയിൽ അറിയിച്ചു.
ലേഖകന്‍റെ പേര്​ വച്ചു കൊടുത്ത വാർത്തയ്ക്ക്​ അ​ദ്ദേഹത്തെ​ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥൻ വാർത്ത നൽകിയ ​റിപ്പോർട്ടറുടെ പേരും വിലാസവും ഫോൺ നമ്പരും ഇ മെയിൽ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്‍റെ ചീഫ്​ എഡിറ്റർക്കു വീണ്ടും നോട്ടീസ്​ അയയ്ക്കുക കൂടി ചെയ്തിരിക്കുന്നു. ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ കൊട്ടിഘോഷിക്കുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്.

കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണം​. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച് സെൻട്രൽ യൂനിറ്റ് ഡിവൈ.എസ്.പി ജി. ബിനു വാർത്ത നൽകിയ ‘മാധ്യമം’ ലേഖകൻ അനിരു അശോകനോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്​.
ജൂലൈ 22നാണ് പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരം ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ച വാർത്ത ‘മാധ്യമം’ ദിനപത്രം പ്രസിദ്ധീകരിച്ചത്. കേരള പൊലീസിന്റെ സൈബർ സുരക്ഷ പരിശോധന വിഭാഗമായ ‘കേരള പൊലീസ് ഡാർക്ക് വെബ് ഇൻവെസ്റ്റിഗേഷൻ ടീം’ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിന് ഇതിൽ റിപ്പോർട്ട് നൽകിയ ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബ് ‘ടു ഫാക്ടർ ഓതന്റിഫിക്കേഷൻ’ ഉൾപ്പെടുത്തി ഉദ്യോഗാർഥികളുടെ യൂസർ ലോഗിൻ സുരക്ഷിതമാക്കാനും നിർദേശം നൽകിയിരുന്നു.
ഡാർക്ക് വെബിൽനിന്ന് പൊലീസ് കണ്ടെത്തിയ യൂസർ ഐഡികളും ലോഗിൻ വിവരങ്ങളും യഥാർത്ഥ ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തന്നെയാണെന്നു പൊലീസ്​ ഉറപ്പിച്ചിരുന്നതായാണു മാധ്യമം റിപ്പോർട്ട്​ ചെയ്തത്​. എന്നാൽ, വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ഡാർക്ക് വെബിലേക്ക് വിവരങ്ങൾ ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതൽ ഒ.ടി.പി സവിധാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു പി.എസ്​.സിയുടെ വിശദീകരണം. ഡി.ജി.പിയുടെ റിപ്പോർട്ട് ചർച്ച ചെയ്യാൻ മേയ് 27ന് ചേർന്ന കമ്മിഷന്‍റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പാണ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്​. ഇതു സംബന്ധിച്ച്​ പി.എസ്.സി സെക്രട്ടറിയുടെ പരാതിയിലാണ്​ ക്രൈംബ്രാഞ്ച് അന്വേഷണം.

ലക്ഷക്കണക്കിന്​ ഉദ്യോഗാർത്ഥികളെ ബാധിക്കാനിടയുള്ള വിഷയം മാധ്യമങ്ങൾ വാർത്തയാക്കുകയും അതിനാധാരമായ രേഖകൾ പുറത്തുവിടുകയും ചെയ്യുന്നത്​ സ്വാഭാവികം മാത്രമാണ്. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത്​ മാധ്യമ ധർമമാണ്​. നൂറ്റാണ്ടുകളായി മാധ്യമങ്ങൾ പൊതുവെ അനുവർത്തിക്കുന്ന രീതിയും ഇതുതന്നെ. പൊലീസ്​ നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത്​ ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും ഭൂഷണമായ കാര്യമല്ല. ഹാക്കർമാർ വിവരം ചോർത്തിയെങ്കിൽ അതിനു കാരണമായ സൈബർ സുരക്ഷാപ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണു പി.എസ്​.സി ചെയ്യേണ്ടത്​. അതിനു പകരം പൊലീസിനെ ഉപയോഗിച്ചു മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ​ശ്രമിക്കുന്നത്​ അംഗീകരിക്കാനാവില്ല. ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വിരുദ്ധമായ ക്രൈംബ്രാഞ്ച്​ അന്വേഷണം അടിയന്തരമായി നിറുത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *