13/7/23
കൊച്ചി :പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളുടെ ശിക്ഷ കൊച്ചി എൻഐഎ കോടതി വിധിച്ചു.രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഒൻപതാം പ്രതി ആലുവ സ്വദേശി എം കെ നൗഷാദ്(48), 11-ാം പ്രതി ആലുവ സ്വദേശി പി പി മൊയ്തീന്‍കുഞ്ഞ്(60), 12-ാംപ്രതി ആലുവ സ്വദേശി പി എം അയൂബ്(48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, പ്രതികള്‍ക്ക് ഏത് തരത്തിലുള്ള ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണ് പ്രൊഫ. ടി ജെ ജോസഫ് പ്രതികരിച്ചത്. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ നാട്ടില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാകുമോ എന്ന് ഇവിടുത്തെ രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും പറയും. അതിലും തനിക്ക് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തല്‍. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി, ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മൻസൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവുമായിരുന്ന എം കെ നാസര്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായത്. ആദ്യഘട്ടത്തില്‍ 37 പ്രതികളെ വിസ്തരിച്ച കോടതി 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ ബികോം മലയാളം ഇന്‍റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്.