പൾസ് പോളിയോ വിതരണം മാർച്ച് മൂന്നിന് ; ജില്ലയിൽ 2,105 ബൂത്തുകൾ1 min read

 

തിരുവനന്തപുരം :അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സിൽ താഴെയുള്ള 1370 കുട്ടികളാണ് ജില്ലയിലുള്ളത്.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 29 മൊബൈൽ യൂണിറ്റുകളും കേന്ദ്രീകരിച്ച് മാർച്ച് മൂന്നിന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.

രക്ഷാകര്‍ത്താക്കൾ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മാർച്ച് 4, 5 തീയതികളിൽ ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നൽകുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *