തിരുവനന്തപുരം: നമ്മുടെ സ്‌കൂളുകളും കോളജുകളും അക്രമങ്ങൾക്കും അരുംകൊലകൾക്കുമുള്ള ഇടങ്ങളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വിദ്യാലയങ്ങൾ പഠിക്കുന്നതിനും യുവജനങ്ങളുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള കേന്ദ്രങ്ങളായിരിക്കണമെന്നതിൽ വ്യത്യാസം വരരുതെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
വിദ്യാലയങ്ങളിലെ അക്രമങ്ങൾ ഒരു സ്വാഭാവിക പ്രവർത്തിയായി രാഷ്ട്രീയക്കാർ തന്നെ കരുതുമ്പോൾ കോളജുകളിലും സ്കൂളുകളിലും അവ തികച്ചും സാധാരണ സംഭവങ്ങളായിത്തീരുന്നു. അതിലെ അപകടം മുൻകൂട്ടിക്കണ്ടാണ് വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി നമ്മുടെ വിദ്യാർത്ഥികളെ സംസ്ഥാനത്തിന് പുറത്തേക്കയക്കാൻ കേരളത്തിലെ മാതാപിതാക്കൾ ഇപ്പോൾ നിർബന്ധിതരാകുന്നത്. ഈ യാഥാർത്ഥ്യം നമ്മൾ തിരിച്ചറിയുക തന്നെ വേണം.
ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റമുണ്ടായാൽ അത് മാറാം; മാറുമെന്നു തന്നെ താൻ കരുതുന്നതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.