ആലപ്പുഴ: മൂന്നര കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആലപ്പുഴ നോര്‍ത്ത് ജില്ലാ തല വികസിത കേരളം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കും എന്‍ഡിഎയ്ക്കു മാത്രമെ സുസ്ഥിര വികസനം സാദ്ധ്യമാക്കാന്‍ കഴിയുകയുള്ളു. വികസിത കേരളം എന്ന് ബിജെപി പറയുന്നതിന്റെ അടിസ്ഥാനം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പതിനൊന്നു വര്‍ഷത്തെ ഭരണനേട്ടങ്ങളാണ്. മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ വികിസിത ഭാരതം, കേരളത്തിലും നടപ്പാകണമെങ്കില്‍ ബിജെപിയും എന്‍ഡിഎയും അധികാരത്തില്‍ വരണം.
ജനങ്ങളുടെ കഷ്ടപ്പാട് അവസാനിപ്പിക്കുക, യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക, നാടിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുക എന്നതാണ് നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വെയ്ക്കുന്ന വികസന കാഴ്ചപ്പാട്. 2004 മുതല്‍ പത്തു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിഞ്ഞത് കൊണ്ടാണ് മൂന്നാമത്തെ തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.
കേരളത്തില്‍ ഒന്‍പതു വര്‍ഷമായി സകലരംഗത്തു വികസന മുരടിപ്പാണ്. അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് നടക്കുന്നത്. ആകെയുള്ള വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഹൈവേ വികസനം മാത്രമാണ്. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും സിപിഎമ്മും മത്സരമാണ്. കോണ്‍ഗ്രസിലെ രാജവംശത്തിലെ മകന്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടായിരം കോടി രൂപയുടെ അഴിമതി ആരോപണമാണ് നേരിടുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് രാജകുടുംബത്തിലെ മകളും എസ്എഫ്‌ഐഒയുടെ അന്വേഷണം നേരിടുകയാണ്.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി എന്നതാണ് ബിജെപിയുടെ നയം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകള്‍ കയറിയിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. വാക്കു പറഞ്ഞാല്‍ നടപ്പാക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് വസ്തുതകള്‍ നിരത്തി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ ബിനോയ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രന്‍, എ. എന്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, എന്‍ ഹരി, വെളിയാകുളം പരമേശ്വരന്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി ജ്യോതിസ്, മുന്‍ ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി പരിക്ഷിത്ത്, അരുണ്‍ അനിരുദ്ധന്‍, വിമല്‍ രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വികസിത കേരളം കൺവെൻഷന് മുന്നോടിയായി രാജീവ് ചന്ദ്രശേഖർ ബിജെപി ജില്ലാ ആസ്ഥാന മന്ദിരമായ ദീനദയാൽ ഭവനിൽ രാവിലെ ജില്ലാ നേതൃ യോഗത്തിലും തുടർന്ന് സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ആലപ്പുഴയിലെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തു.
വിഴിഞ്ഞം വേദിയിലെ തന്റെ സാന്നിധ്യത്തിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന് പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
ആലപ്പുഴ: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് താന്‍ നേരത്തേ എത്തിയതില്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. താനൊരു ഡോക്ടറല്ലെന്നും മരുമകൻ ഏതേലും ഡോക്ടറെയോ അല്ലേൽ മനഃശാസ്ത്ര വിദഗ്ധനേയോ കാണുകയാണ് നല്ലതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. വികസിത കേരളം ആലപ്പുഴ നോർത്ത് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ നേരത്തേ വന്നതിലാണ് മരുമകന് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവര്‍ത്തകര്‍ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവര്‍ക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോള്‍ എന്റെ പ്രവര്‍ത്തകരെ കാണണമെന്നു പറഞ്ഞാണ് ഞാന്‍ നേരത്തേ വേദിയില്‍ കയറിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് വിളിച്ചു, ഒപ്പം താനും ഭാരത് മാതാ കീ ജയ് വിളിക്കുകയായിരുന്നു. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതിനൊക്കെ സങ്കടപ്പെട്ടാല്‍ വരുംകാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. വെള്ളിയാഴ്ച രാത്രി മുഴുവന്‍ സിപിഎമ്മുകാര്‍ എന്നെ ട്രോള്‍ ചെയ്യുകയായിരുന്നു. സിപിഎമ്മുകാര്‍ മുഴുവന്‍ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാല്‍ക്കരിക്കാന്‍ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാന്‍ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിന്‍ നില്‍ക്കില്ല. ഈ ട്രെയിനില്‍ ഇടതുപക്ഷത്തിന് കയറണമെങ്കില്‍ കയറാം, മരുമകനും ഈ ട്രെയിനിൽ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തില്‍ എത്തിച്ചിട്ടേ ഞാന്‍ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പദ്ധതിയാണ്, അദ്ദേഹം പറഞ്ഞു.