തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ സിപിഎമ്മിൻ്റേയും കോൺഗ്രസിൻ്റേയും ഇരട്ടത്താപ്പ് കൂടുതൽ വ്യക്തമാവുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തങ്ങൾ ഭരിക്കുന്നയിടങ്ങളിൽ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും എന്നതാണ് പണ്ടേ അവർ അവലംബിക്കുന്നത്.
തെലങ്കാനയിലും കർണ്ണാടകയിലും ആശാവർക്കർമാരുടെ പ്രശ്നങ്ങൾ അവഗണിച്ച കോൺഗ്രസാണ് കേരളത്തിൽ അവർക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎമ്മാകട്ടെ തെലങ്കാനയിൽ ആശാവർക്കർമാരുടെ സമരത്തെ പിന്തുണക്കുകയും ഇവിടെ സമരക്കാരെ അരാജവാദികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. ‘ഇൻഡി’ സഖ്യത്തിന് ഒരു വിഷയത്തിലും ഒരുമയോ ആത്മാർത്ഥതയോ ഇല്ലന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.