രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു1 min read

തിരുവനന്തപുരം :രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റു. തിരുവനന്തപുരം ഉദയ് പാലസിൽ നടന്ന സംസ്ഥാന കൗൺസിലിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നും അദ്ദേഹം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനിൽ നിന്നും മിനുട്സ് ബുക്കും പാർട്ടി പതാകയും അദ്ദേഹം ഏറ്റുവാങ്ങി.

ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. കേരളത്തിൽ വോട്ട് വിഹിതം 20 ശതമാനത്തിലേക്ക് എത്തിച്ച കെ സുരേന്ദ്രനെ പ്രഹ്ളാദ് ജോഷി അഭിനന്ദിച്ചു. യു പി എ സർക്കാരിന്റെ അഴിമതിക്കെതിരെ ശക്തമാ പ്രവർത്തിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്നും കരുത്തനായാ മലയാളിയാണ് അദ്ദേഹമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്ന് സ്ഥാനമൊഴിയുന്ന കെ സുരേന്ദ്രൻ പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തിന്റെ വോട്ട് ഗണ്യമായ രീതിയിൽ ഇത്തവണ പാർട്ടിക്ക് ലഭിച്ചു. ആശയപരമായ ഷിഫ്റ്റാണ് കേരളത്തിലുണ്ടായത്. ബിജെപി ഉയർത്തുന്ന പുതിയ ആശയത്തെ മലയാളികൾ സ്വീകരിച്ചു. ബിജെപി കേരളത്തിൽ അവഗണിക്കാൻ പറ്റാത്ത ശബ്ദമായി മാറി. ദൈനംദിന പ്രവർത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ്‌ ചന്ദ്രശേഖര്‍. കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് ഊർജം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തില്‍ എന്‍ഡിഎ യെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. നോക്കുകൂലിയുള്ള കേരളമല്ല വരേണ്ടത്. നിക്ഷേപവും തൊഴിലുകളുമുള്ള കേരളമാണ് ഉണ്ടാകേണ്ടത്. ഇനി കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണ്. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ ഇവിടെ നില്‍ക്കില്ല. മാറ്റം വരണമെങ്കില്‍ കേരളത്തില്‍ എന്‍ഡിഎ വരണം. ബിജെപി വരണം കേരളം വളരണം ബിജെപി സ്വപ്നങ്ങള്‍ ഓരോവീടുകളിലും എത്തിക്കണമെന്നും പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നോട് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. മൂന്നരലക്ഷം വോട്ട് തനിക്ക് പെട്ടെന്ന് നേടിത്തന്നത് ബിജെപി പ്രവര്‍ത്തകരാണെന്നും പറഞ്ഞു.
രാജീവ് ചന്ദ്രശേഖരന്‍ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ 30 അംഗ ദേശീയ കൗണ്‍സിലിനെയും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *