പി എം ആവാസ് യോജന അട്ടിമറിക്കാൻ അനുവദിക്കില്ല: രാജീവ്‌ ചന്ദ്രശേഖർ1 min read

കണ്ണൂർ: സംസ്ഥാനത്ത് പി എം ആവാസ് യോജന അട്ടിമറിക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നീക്കത്തെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ലൈഫ് പദ്ധതിയിൽ നിന്നുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പി എം ആവാസ് യോജന നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. സിപിഎം തയ്യാറാക്കുന്ന പട്ടികയിൽ നിന്നും വീട് നൽകുന്ന ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെ പി എം ആവാസ് യോജനയിലേക്ക് മാറ്റാൻ സമ്മതിക്കില്ലെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.

കേന്ദ്രസർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നത് എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ്. അതിനാൽ തന്നെ ലൈഫ് പോലെയുള്ള ഏകപക്ഷീയ പദ്ധതികൾ പി എം ആവാസുമായി ബന്ധിപ്പിച്ചാൽ പാവപെട്ടവർക്കും അർഹതയുള്ളവർക്കും വീട് ലഭിക്കാത്ത അവസ്ഥയുണ്ടാവും, ബിജെപി അധ്യക്ഷൻ പറഞ്ഞു. ബിജെപി വികസിത കേരളം കൺവൻഷൻ കണ്ണൂരിലും തലശ്ശേരിയിലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ കെ വിനോദ് കുമാർ, കണ്ണൂർ സൗത്ത് ജില്ലാ അധ്യക്ഷൻ ബിജു എളക്കുഴി എന്നിവർ കൺവൻഷനുകളിൽ അധ്യക്ഷരായി. മുതിർന്ന ബിജെപി നേതാക്കളായ സി കെ പദ്മനാഭൻ, പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി,എം ടി രമേശ്‌, എസ് സുരേഷ് എന്നിവർ പ്രസംഗിച്ചു. പയ്യാമ്പലം ബീച്ചിൽ മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി അധ്യക്ഷൻ വാടിക്കൽ രാമകൃഷ്ണൻ അടക്കമുള്ള ബലിദാനി കുടുംബങ്ങളിലും സന്ദർശനം നടത്തി.

മറുപടി:

കോൺഗ്രസിനും സിപിഐഎമ്മിനും അറിയുന്ന കേരള രാഷ്ട്രീയം എനിക്ക് അറിയില്ല. അവർക്കറിയുന്നത് അഴിമതിയുടെയും പ്രീണത്തിന്റെയും രാഷ്ട്രീയമാണ്. എനിക്ക് അറിയുന്നത് വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മലയാളം അറിയില്ല എന്ന പരാമർശത്തിന് സിനിമാ സ്റ്റൈലിൽ മറുപടിയും ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകി.

പാക്കിസ്ഥാനിലെ ഭീകരവാദികളെ ന്യായീകരിക്കേണ്ടെന്നും, സിപിഐഎമ്മിനോടും കോൺഗ്രസിനോടും പറഞ്ഞപ്പോൾ, “എനിക്ക് കേരള രാഷ്ട്രീയവും മലയാളവും അറിയില്ല” എന്നായിരുന്നു അവരുടെ മറുപടി.

നിങ്ങൾ പറഞ്ഞത് ശരിയാണ് – പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്ന പ്രീണനരാഷ്ട്രീയം എനിക്ക് അറിയില്ല. അതാണ് കോൺഗ്രസിന്റെയും സിപിഐഎമ്മിന്റെയും രാഷ്ട്രീയം.

എനിക്ക് അറിയുന്നത് വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയമാണ് – തൊഴിലവസരങ്ങളും നിക്ഷേപങ്ങളും കൊണ്ടുവരുന്ന രാഷ്ട്രീയമാണ്. ജനങ്ങളെ സേവിക്കാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതുമാണ് ബിജെപിയുടെ രാഷ്ട്രീയം.

അതുകൊണ്ട്, “രാജീവ് ചന്ദ്രശേഖറിന് കേരള രാഷ്ട്രീയമറിയില്ല” എന്ന് പറയുന്നത് 100% ശരിയാണ്. അതു പഠിക്കാൻ ആഗ്രഹിക്കുന്നുമില്ല – കോൺഗ്രസ് പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വേണമെങ്കിൽ അത് പഠിപ്പിച്ചു നൽകട്ടെ .

ഞാൻ തൃശൂരിൽ ജനിച്ച് പഠിച്ച് വളർന്നവനാണ്. രാജ്യമെമ്പാടും സേവനം അനുഷ്ഠിച്ച ഒരു പട്ടാളക്കാരന്റെ മകനാണ് ഞാൻ.

എനിക്ക് മുണ്ടുടുക്കാനും അറിയാം. വേണമെങ്കിൽ അതു മടക്കി കുത്താനും അറിയാം. മലയാളം സംസാരിക്കാനും അറിയാം. ആവശ്യം വന്നാൽ തെറി പറയാനും അറിയാം. ജനങ്ങൾക്കാവശ്യമായ വികസന സന്ദേശം മലയാളത്തിൽ പറയാനും അറിയാം.

അതിനാൽ, എന്നെ പഠിപ്പിക്കാൻ നിങ്ങൾ നിൽക്കേണ്ട. ഞാൻ കോൺഗ്രസിൽ നിന്നും സിപിഐഎമ്മിൽ നിന്നും വന്നതല്ല – ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റം കൊണ്ടുവരാനാണ് ഞാൻ വന്നത്.
ഇതാണ് എനിക്ക് കോൺഗ്രസിനും സിപിഐഎമ്മിനും നൽകാനുള്ള മറുപടി, രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *