തിരുവനന്തപുരം: തിരുവനന്തപുരം ലോക സഭമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ലോകമറിയുന്ന മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരം ശോഭന.
ഇത്തവണത്തെ വിഷു പ്രത്യേകതകൾ നിറഞ്ഞതാണ്. വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വിഷുവിന് എത്തുന്നത്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാ പിന്തുണയും നൽകുന്നു. അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും ശോഭന പറഞ്ഞു.
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. വിഷുദിനത്തിൽ ഇവിടെയെത്തിയത് പ്രത്യേക ക്ഷണം സ്വീകരിച്ചാണ്. നാളെ നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ നരേന്ദ്രമോദിയോടൊപ്പം പങ്കെടുക്കുമെന്നും ശോഭന പറഞ്ഞു.
സമൂഹത്തിന് മാതൃകയും പ്രചോദനവും മികച്ച അഭിനേത്രിയുമായ
ശോഭനയെ പോലുള്ളവരുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുരോഗതിയെയും വികസനത്തെയും പറ്റിയാണ് എല്ലാവരും ചർച്ച ചെയ്യുന്നത്. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ഇവിടെ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാവരും നാടിൻ്റെ വികസനമാണ് ആവശ്യപ്പെടുന്നത്. സമൂഹത്തിന് പ്രചോദനമാകുന്ന, മികച്ച അഭിനേത്രിയായ
ശോഭനയെ പോലുള്ളവർ അതിനെ പിന്തുണക്കുമ്പോൾ എനിക്ക് നല്ല
ആത്മവിശ്വാസമുണ്ടാകുന്നു. വിവിധ മേഖലകളിൽ ഉള്ളവർ നൽകുന്ന പിന്തുണ കഴിഞ്ഞ പത്തു വർഷത്തെ നരേന്ദ്ര മോദി സർക്കാരിൻ്റെ വികസനത്തിൻ്റെയും പുരോഗതിയുടെയും മാറ്റത്തിൻ്റെ അടയാളപ്പെടുത്തലാണെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ ശോഭനക്ക് വിഷുക്കൈനീട്ടം നൽകി. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷും പങ്കെടുത്തു.