തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സിന്റെ (ഐ ട്രിപ്പിള്‍ ഇ) കേരളത്തിലെ ആര്‍എഫ്‌ഐഡി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ടെക്‌നോളജി വിഷനറി ലീഡര്‍ ഓഫ് ദ ഡെക്കേഡ് പുരസ്‌കാരം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി സഹമന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്. ടെക്‌നോക്രാറ്റ്, സംരംഭകന്‍, മന്ത്രി എന്നീ നിലകളില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയെ ആഗോളതലത്തില്‍ പുതിയ ഉയരങ്ങളിലെത്തിക്കുന്നതില്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ സുപ്രധാന സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരം.
തിരുവനന്തപുരത്ത് നടന്ന ഐ ട്രിപ്പിള്‍ ഇ ആന്റിനാസ് ആന്റ് പ്രൊപഗേഷന്‍ സൊസൈറ്റിയുടെ 75ാം വാര്‍ഷിക പരിപാടിയില്‍ ഐ ട്രിപ്പിള്‍ ഇ എംടിടിഎസ് കേരളയുടെ സ്ഥാപക അധ്യക്ഷന്‍ ചിന്മയ് സാഹയില്‍ നിന്നും രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി. എംടിടിഎസ് കേരള ചെയര്‍ ഡോ. തേക്കടിയില്‍ ജോസഫ് അപ്രേം, വൈസ് ചെയര്‍ അനു മുഹമ്മദ്, ഐ ട്രിപ്പിള്‍ ഇ ആര്‍എഫ്‌ഐഡി കൗണ്‍സില്‍ പ്രൊഫ. ബി എസ് മനോജ് എന്നിവരും പങ്കെടുത്തു.